കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ട്, ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും; പ്രതികരണവുമായി പി ടി തോമസ്

Monday 22 November 2021 10:11 AM IST

കൊച്ചി: നടി കെ പി എ സി ലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി കെ പി സി സി വർക്കിംഗ് പ്രസിഡന്റും എം എൽ എയുമായ പി ടി തോമസ്. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

' കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതയ്‌ക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും. " ഇതായിരുന്നു പി ടി തോമസിന്റെ കുറിപ്പ്.

ഗുരുതരമായ കരൾ രോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെ പി എ സി ലളിത. കരൾമാറ്റ ശസ്ത്രക്രിയയാണ് വേണ്ടെതെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അവരുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുവാൻ കഴിഞ്‌ഞയാഴ്‌ച മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടിരുന്നു. തുടർന്നാണ് പ്രതിഷേധങ്ങൾ ഉയർന്നത്.

Advertisement
Advertisement