ഇത്തവണ മുല്ലപ്പെരിയാർ കേസ് വാദിച്ചത് പെരിയാറിന്റെ തീരത്ത് ഇരുന്ന്; അടുത്ത തവണ ജീവനോടെയുണ്ടെങ്കിൽ കോടതിയിലെത്തി വാദിക്കുമെന്നും അഭിഭാഷകൻ

Monday 22 November 2021 3:19 PM IST

ന്യൂഡൽഹി: എറണാകുളത്ത് പെരിയാർ നദിയുടെ തീരത്തിരുന്നാണ് ഇത്തവണ ഹാജരായതെന്നും അടുത്ത തവണ ജീവനോടെയുണ്ടെങ്കിൽ കോടതിയിലെത്തി വാദിക്കാമെന്നും മുല്ലപ്പെരിയാർ കേസിൽ അഭിഭാഷകൻ വി കെ ബിജു കോടതിയെ അറിയിച്ചു. അതേസമയം,​ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലനിറുത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഇതോടെ ഈ മാസം 30ന് ജലനിരപ്പ് 142 അടിയായി ഉയർത്താം. അതേസമയം, കേസിൽ അടിയന്തര ഉത്തരവിന്റെ സാഹചര്യമില്ലെന്ന് കേരളം സുപ്രീംകോടതിയിൽ പറഞ്ഞു.

ഇന്ന് മുല്ലപെരിയാർ ഹർജികൾ പരിഗണയ്‌ക്കുന്നതിനിടയിൽ ഏതെങ്കിലും വിഷയത്തിൽ അടിയന്തരമായ ഇടപെടൽ ആവശ്യമുണ്ടോയെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചിരുന്നു. ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത, മറ്റ് അടിയന്തര ഉത്തരവുകളൊന്നും ആവശ്യമില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്. നിലവിൽ വിശദമായി പരിഗണിക്കുന്ന മറ്റ് രണ്ട് കേസുകളുടെ വാദം കേൾക്കൽ പൂർത്തിയായ ശേഷം മുല്ലപ്പെരിയാർ ഹർജികൾ കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഡിസംബർ 10നാണ് ഹർജികൾ പരിഗണിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.

അണക്കെട്ടിലെ ചോർച്ച സംബന്ധിച്ച റിപ്പോർട്ട് കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ തമിഴ്‌നാട് സർക്കാരിന്റെ റിപ്പോർട്ടല്ല, മറിച്ച് ഇരു സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന പരിശോധനയിലെ റിപ്പോർട്ടാണ് ഹാജരാക്കേണ്ടതെന്ന് പെരിയാർ പ്രൊട്ടക്ഷൻ മൂവ്‌മെന്റിന്റ് വേണ്ടി ഹാജരായ അഭിഭാഷകൻ വി.കെ. ബിജു കോടതിയിൽ ആവശ്യപ്പെട്ടു.