പുത്തൻ ഉടുപ്പുകളണിയിച്ചാണ് കുഞ്ഞിനെ അവർ യാത്രയാക്കിയത്, ഹൃദയം മുറിയുന്ന വേദനയോടെ കൺമണി പോകുന്നത് ആ 'അമ്മയും അച്ഛനും' നോക്കി നിന്നു

Monday 22 November 2021 3:26 PM IST

തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതിയിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്. ഇന്നലെ 8.30ന് ഹൈദരാബാദ് - തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേക സംഘം എത്തിയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽഫയർ കൗൺസിലിന്റെ സോഷ്യൽ വർക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളിൽ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി അവിടെ നടപടികൾ പൂർത്തീകരിച്ച് ഇവിടേക്ക് കൊണ്ടു വന്നത്.

എന്നാൽ ഏറെ വികാരനിർഭരമായിരുന്നു ആ പറിച്ചുനടീൽ. കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിർദേശം ദത്തെടുത്ത അദ്ധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. പുതിയ വസ്ത്രങ്ങളടക്കം നൽകിയാണ് ദമ്പതികൾ കുഞ്ഞിനെ യാത്രയാക്കിയത്. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികൾ താമസിച്ചിരുന്നത്. ഒരുപക്ഷേ ഇത് കുഞ്ഞിന്റെ വിദ്യാഭ്യാസ കാര്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നിരിക്കണം.

കുട്ടിയെ ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ പാളയത്തെ നിർമല ശിശുഭവനിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചു. കോടതി വിധി ഉണ്ടാകുന്നതുവരെ കുഞ്ഞ് നിർമല ശിശുഭവനിൽ തുടരും.