നാഗർകോവിൽ ട്രെയിൻ സർവീസ് നാളെ മുതൽ

Tuesday 23 November 2021 12:04 AM IST

തിരുവനന്തപുരം: മഴയും മണ്ണിടിച്ചിലും മൂലം കഴിഞ്ഞ പത്തുദിവസമായി നിറുത്തിവച്ച തിരുവനന്തപുരം - നാഗർകോവിൽ ട്രെയിൻ സർവീസ് ബുധനാഴ്ച പുനരാരംഭിക്കും. മണ്ണിടിഞ്ഞ സ്ഥലങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങളും മഴമൂലം വിച്ഛേദിക്കപ്പെട്ട ഇലക്ട്രിക് ലൈനുകളും ട്രാക്ക് ബലപ്പെടുത്തലും മണ്ണിടിച്ചിലുണ്ടാകാനിടയുള്ള സ്ഥലങ്ങളിൽ സുരക്ഷാമതിൽ നിർമ്മിക്കുന്ന ജോലികളും ഇന്നലെ പൂർത്തിയായി. ഇന്നും നാളെയുമായി സുരക്ഷാ നടപടികളും റിവ്യുവും ഇലക്ട്രിക് ലൈൻ പരിശോധനയും ട്രയലും നടത്തും.

വെള്ളക്കെട്ട് മൂലം തടസ്സപ്പെട്ട നാഗർകോവിൽ - കന്യാകുമാരി സർവ്വീസ് വെള്ളിയാഴ്ചയോടെ പുനരാരംഭിച്ചിരുന്നു.13ന് ഉണ്ടായ കനത്തമഴയിൽ തിരുവനന്തപുരം - നാഗർകോവിൽ റെയിൽപ്പാതയിൽ പതിമൂന്നിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ലൈൻ പൂർണ്ണമായും ശരിയാകാതിരുന്നതിനാൽ ഇതുവഴിയുള്ള പതിനാറ് സർവീസുകൾ ഇന്നും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. നാലു ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി.

അതേ സമയം ആന്ധ്രയിലെ വിജയവാഡ,നെല്ലൂർ ജില്ലകളിൽ ശക്തമായ കാറ്റും മഴയും മൂലം തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഇന്നലെ ഭാഗികമായി പുനഃസ്ഥാപിച്ചു. ഇവിടെ പതിനൊന്ന് സ്ഥലങ്ങളിൽ ട്രാക്ക് ഒഴുകിപ്പോയി. ഇതിൽ ഒരു ട്രാക്കാണ് ഇന്നലെ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിച്ച് ഗതാഗതയോഗ്യമാക്കിയത്. ഇന്നത്തെ ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ് റദ്ദാക്കി. ഇന്നലെ പാറ്റ്ന - എറണാകുളം, ധൻബാദ് - ആലപ്പുഴ, ഹൗറ - കന്യാകുമാരി,ബിലാസ് പൂർ - എറണാകുളം, നാഗർകോവിൽ - ബാംഗ്ളൂർ, ഷാലിമാർ - തിരുവനന്തപുരം ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

Advertisement
Advertisement