മോഡലുകളുടെ അപകട മരണം : ഹോട്ടലുടമ റോയിയെ ചോദ്യം ചെയ്യും

Tuesday 23 November 2021 12:45 AM IST

കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്ന് പേ‌ർ മരിച്ച ദുരൂഹ കാറപകടക്കേസിൽ, രണ്ടാം പ്രതിയായ ഫോർട്ടുകൊച്ചിയിലെ നമ്പ‌ർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നേരത്തേ രണ്ട് തവണ പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു.

കേസിലെ നി‌ർണായക തെളിവായ ഹോട്ടലിലെ സി.സി.ടി.വിയുടെ ഹാ‌ർഡ് ഡിസ്കിനായി ഇന്നലെ വേമ്പനാട്ടു കായലിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് റോയിയെ ചോദ്യം ചെയ്ത് ഹാ‌ർഡ് ഡിസ്ക് ഉപേക്ഷിച്ചതിന്റെ കാരണം കണ്ടെത്താൻ തീരുമാനിച്ചത്. കായലിൽ വീണ്ടും തെരച്ചിലിനും സാദ്ധ്യതയുണ്ട്. റോയ് തെളിവ് നശിപ്പിച്ചതിലെ ദുരൂഹത, സൈജു കാറിൽ പിന്തുടർന്നതെന്തിന് തുടങ്ങിയ കാര്യങ്ങൾ പുറത്തു കൊണ്ടുവരണമെന്ന് അപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെയും റണ്ണറപ്പായ അഞ്ജന ഷാജന്റെയും കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നു.

മുങ്ങിത്തപ്പി, തെളിവ് കിട്ടിയില്ല

അപകടത്തിൽ മരിച്ച അൻസി, അഞ്ജന, മുഹമ്മദ് ആഷിഖ് എന്നിവർക്കും സുഹൃത്ത് അബ്ദുൾ റഹ്മാനും ഒക്ടോബർ 31ന് രാത്രി ഹോട്ടലിൽ എന്ത് സംഭവിച്ചുവെന്നതിന്റെ ഉത്തരമാണ് ഹാർഡ് ഡിസ്കിലുള്ളത്. കാറപകടത്തിലെ ദുരൂഹത മറ നീക്കണമെങ്കിൽ ഈ ദൃശ്യങ്ങൾ കൂടിയേതീരു. ഇത് വീണ്ടെടുക്കാൻ ഇന്നലെ ഉച്ചയ്ക്ക് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് താഴെ വേമ്പനാട്ട് കായലിൽ ഫയ‌ർഫോഴ്സ് സ്കൂബാ സംഘം നടത്തിയ തെരച്ചിൽ നാല് മണിക്കൂറോളം നീണ്ടു. റോയിയുടെ നി‌ർദ്ദേശ പ്രകാരം ഹോട്ടലിൽ നിന്ന് ഹാ‌ർഡ് ഡിസ്ക് ഊരി നവംബർ ഒന്നിന് കായലിൽ ഉപേക്ഷിച്ച പ്രതികളായ ഹോട്ടൽ ജീവനക്കാരെ സ്ഥലത്തെത്തിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് എസ്.പി ബിജി ജോർജ്, അന്വേഷണ ഉദ്യോഗസ്ഥൻ എ.അനന്തലാൽ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. മൂന്ന് മുതൽ അഞ്ച് മീറ്റ‌‌ർ വരെ ചെളി നിറഞ്ഞ ഇവിടെ നിന്ന് ഹാ‌ർഡ് ഡിസ്ക് വീണ്ടെടുക്കാനാകില്ലെന്ന് സ്കൂബാ സംഘം പൊലീസിനെ അറിയിച്ചു. ശക്തമായ ഒഴുക്കും, പുഴയിലെറിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞതു കൊണ്ടും ഹാർഡ് ലഭിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് പൊലീസും കണക്ക് കൂട്ടിയിരുന്നു. റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ കൂടി പരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.

Advertisement
Advertisement