സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥകളിൽ ഇളവ്, സരിത്ത് ഉൾപ്പെടെ പ്രധാന പ്രതികളെല്ലാം ജയിൽമോചിതരായി

Tuesday 23 November 2021 3:57 PM IST

കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യവ്യവസ്ഥകളിൽ ഇളവ്. എറണാകുളം ജില്ല വിട്ട് പുറത്തുപോകരുതെന്ന ജാമ്യവ്യവസ്ഥക്കാണ് ഇളവ് നൽകിയിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നക്ക് ഇളവ് നൽകിയത്. എറണാകുളം ജില്ല വിട്ട് പോകാൻ അനുമതിയുണ്ടെങ്കിലും കേരളത്തിന് പുറത്ത് പോകരുതെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സ്വർണകടത്ത് കേസിൽ സ്വപ്നക്ക് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ജില്ല വിട്ട് പോകരുതെന്ന് ജാമ്യ വ്യവസ്ഥ ഉണ്ടായിരുന്നു.

എന്നാൽ വീട് തീരുവനന്തപുരത്താണെന്നും അതിനാൽ ജില്ല വിട്ട് പോകരുതെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. സ്വപ്ന തിരുവനന്തപുരത്തേക്ക് പോകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ സംസ്ഥാനം വിട്ട് പോകുന്നുണ്ടെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്നും എൻഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സ്വപ്നക്ക് ജാമ്യത്തിൽ ഇളവ് അനുവദിച്ചത്.

അതേസമയം സ്വർണകടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ഉൾപ്പെടെയുള്ള നാലു പ്രതികൾ ഇന്ന് ജയിൽമോചിതരായി. കോഫെപോസ കാലാവധി അവസാനിച്ചതിനാലാണ് ഇവർ ജയിൽ മോചിതരാകുന്നത്. കേസിലെ മുഖ്യ ആസൂത്രകൻ സരിത്ത് ആണെന്നാണ് കസ്റ്റംസിന്റെയും എൻ ഐ എയുടെയും കണ്ടെത്തൽ. സരിത്ത് കൂടി പുറത്തിറങ്ങിയതോടെ സ്വർണകടത്ത് കേസിലെ പ്രധാന പ്രതികളെല്ലാം ജയിൽ മോചിതരായി കഴിഞ്ഞു.

Advertisement
Advertisement