അന്നത് ചെയ്തിരുന്നെങ്കിൽ തിരുവനന്തപുരത്തും, കോഴിക്കോടും ലൈറ്റ് മെട്രോ ഇന്ന് സർവീസ് നടത്തുമായിരുന്നു, കെ റെയിലിനെ കുറിച്ച് അഭിപ്രായം പരസ്യമാക്കി മെട്രോമാൻ

Tuesday 23 November 2021 6:28 PM IST

തിരുവനന്തപുരം : പിണറായി സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിക്കുന്ന കെ റെയിലിനെതിരെ ഇ ശ്രീധരൻ. പദ്ധതി നടപ്പിലായാൽ കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഇപ്പോഴത്തെ അലൈൻമെന്റിനെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ് ഈ പദ്ധതി. സർക്കാർ പറയും പോലെ 2025ൽ പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നും, രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയിൽ പ്രഖ്യാപനം അപ്രായോഗികമാണെന്നും പത്രക്കുറിപ്പിലൂടെ മെട്രോമാൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിർമ്മാണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ താത്പര്യക്കുറവിനെയും അദ്ദേഹം വിമർശിച്ചു. ഈ പദ്ധതികൾ ആരാണ് നിർത്തലാക്കിയതെന്ന് വ്യക്തമാക്കണം. പദ്ധതി നിർമ്മാണം സമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ ഈ രണ്ട് നഗരങ്ങളിലൂടെയും ലൈറ്റ് മെട്രോ സർവീസ് ആരംഭിക്കുമായിരുന്നുവെന്ന് മെട്രോമാൻ തുറന്നടിച്ചു.

കെ റെയിലുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വേഗത്തിലാക്കിയ സർക്കാർ നീക്കത്തിനെതിരെ പ്രമുഖ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും, ബി ജെ പിയും രംഗത്ത് വന്നിട്ടുണ്ട്. കേരളത്തെ വിൽക്കാനുള്ള പദ്ധതിയാണിതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തിയത്. അതേസമയം കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയിലെന്നാണ് ബി ജെ പി അദ്ധ്യക്ഷൻ പ്രതികരിച്ചത്.