ഇന്ത്യയ്ക്ക് പരിക്കിന്റെ ടെസ്റ്റിംഗ്

Tuesday 23 November 2021 10:33 PM IST

ഇന്ത്യ -ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

പരിക്കേറ്റ ഓപ്പണർ കെ.എൽ രാഹുലിന് പരമ്പര നഷ്ടമാകും

വിരാടിനും രോഹിതിനും വിശ്രമം, നയിക്കുന്നത് രഹാനെ

കാൺപുർ : ന്യൂസിലാൻഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം നാളെ കാൺപുരിൽ തുടങ്ങാനിരിക്കേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണർ കെ.എൽ. രാഹുൽ ടീമിന് പുറത്ത്. വിശ്രമം അനുവദിച്ചതിനെ സ്ഥിരം നായകനായ വിരാട് കാെഹ്‌ലിക്കും ഓപ്പണർ രോഹിത് ശർമയ്ക്കും വിശ്രമം അനുവദിച്ചിരിക്കുന്നതിനാൽ ടീമിലില്ല. ഈ സാഹചര്യത്തിൽ മികച്ച ഫോമിലായിരുന്ന രാഹുലിന്റെ പരിക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.

പരമ്പരയിലെ രണ്ടു ടെസ്റ്റുകളിലും രാഹുലിന് കളിക്കാനാകില്ലെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇടതു കാൽത്തുടയിലെ പേശിക്കേറ്റ പരുക്കാണ് രാഹുലിന് വിനയായത്. അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി കായികക്ഷമത വീണ്ടെടുക്കുന്നതിന് രാഹുൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ (എൻ.സി.എ) ചികിത്സ തേടും.

പകരം സൂര്യകുമാർ

രാഹുലിന്റെ പകരക്കാരനായി ഇന്ത്യൻ ട്വന്റി-20 ടീമിൽ അംഗമായിരുന്ന സൂര്യകുമാർ‍ യാദവിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരമാണ് സൂര്യകുമാർ.

ട്വന്റി20 പരമ്പരയിൽ മികച്ച ഫോമിലായിരുന്ന രാഹുൽ, ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പാക്കിയതിനെ തുടർന്ന് കൊൽക്കത്തയിൽ നടന്ന മൂന്നാം ട്വന്റി20യിൽ കളിച്ചിരുന്നില്ല. പകരം ഇഷാൻ കിഷനാണ് രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായി എത്തിയത്. ഇതിനു പിന്നാലെയാണ് താരം പരിക്കേറ്റ് ടെസ്റ്റ് പരമ്പരയിൽനിന്ന് പുറത്തായത്.

ആര് ഓപ്പൺ ചെയ്യും ?

രാഹുലിന്റെ പരിക്കോടെ ഇന്ത്യൻ ഇന്നിംഗ്സ് ആര് ഓപ്പൺ ചെയ്യും എന്ന ചോദ്യമാണ് ഉയരുന്നത്. രോഹിതും കെ.എൽ രാഹുലുമായിരുന്നു സ്ഥിരം ഓപ്പണർമാർ. ഇരുവരുടെയും അഭാവത്തിൽ മായാങ്ക് അഗർവാൾ -ശുഭ്മാൻ ഗിൽ എന്നിവരിലാകും ഈ ചുമതല നിക്ഷിപ്തമാവുക.

Advertisement
Advertisement