പരിശീലന കാലത്തും തൊഴിലാളികൾക്ക് ജോലി മാറാം : യു.എ.ഇ

Wednesday 24 November 2021 1:25 AM IST

അബുദാബി : വിസമാറ്റം സംബന്ധിച്ച് രാജ്യത്ത് നിലനില്ക്കുന്ന നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ ഭരണകൂടം. യു.എ.ഇ യിൽ ഇനി മുതൽ തൊഴിൽ പരിശീലന കാലത്തും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ജോലി മാറാൻ സാധിക്കും. പുതിയ ഫെഡറൽ തൊഴിൽ നിയമത്തിലാണ് വിസ മാറ്റത്തിൽ കൂടുതൽ ഇളവുകൾ നിർദ്ദേശിച്ചിട്ടുള്ളത്.

തൊഴിൽപരമായ സൗകര്യത്തിനും മാനുഷികതയ്ക്കും പ്രാധാന്യം നൽകി 17 ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണു പുതിയ നിയമം. ഒരാൾ ജോലിയിൽ പ്രവേശിച്ച അന്നു മുതൽ ആറു മാസം വരെ തൊഴിൽ പരിശീലന കാലമാണ്. ഇതിൽ സ്ഥാപന ഉടമയ്ക്ക് തൃപ്തി വന്നില്ലെങ്കിൽ 14 ദിവസം മുൻപ് നോട്ടീസ് നൽകി പിരിച്ചുവിടാനാകുമെന്നാണ് വ്യവസ്ഥ.

എന്നാൽ ഈ പ്രൊബേഷൻ കാലത്തും തൊഴിലാളികൾക്ക് വിസ മാറ്റം അനുവദിക്കുന്നതാണു പുതിയ നിയമം. തൊഴിൽ അവസാനിപ്പിക്കുന്നതിന്റെ ഒരു മാസം മുൻപ് രേഖാമൂലം തൊഴിലുടമയെ അറിയിക്കണം. എന്നാൽ ഒരു സ്ഥാപനത്തിനു കീഴിൽ ഒരാളെ ഒന്നിലധികം തവണ പ്രൊബേഷൻ കാലവധി നിശ്ചയിച്ച് നിയമിക്കാനാകില്ല. ഇതു കൂടാതെ പുതിയ ജോലി കണ്ടെത്താൻ തൊഴിലാളികളെ സഹായിക്കുന്നതാണു പുതിയ തൊഴിൽ നിയമം. തൊഴിൽ കരാർ റദ്ദാക്കിയാലും ഒരു തൊഴിലാളിയുടെ ഫയൽ രണ്ട് വർഷമെങ്കിലും സ്ഥാപനങ്ങൾ സൂക്ഷിക്കണം. തൊഴിലാളിയുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ തൊഴിലാളിക്ക് നൽകാതെ പിടിച്ചു വയ്ക്കാനും പാടില്ല.

സേവന കാലത്ത് രോഗബാധിതനാവുകയോ പരുക്കേൽക്കുകയോ ചെയ്താൽ തൊഴിലുടമ എല്ലാ പരിരക്ഷയും നൽകണം. പരുക്കേൽക്കാതെ ജോലി ചെയ്യാൻ പ്രാപ്തമാക്കുന്നതിനു പരിശീലനം നൽകണം. തൊഴിലാളികളെ പെർമിറ്റുള്ള കെട്ടിടത്തിൽ പാർപ്പിക്കണം.

Advertisement
Advertisement