മുദ്രപത്രങ്ങൾ കിട്ടാനില്ല; ജില്ലയിൽ രജിസ്‌ട്രേഷനുകൾ മുടങ്ങുന്നു

Wednesday 24 November 2021 12:06 AM IST

പെരിന്തൽമണ്ണ/പരപ്പനങ്ങാടി: ജില്ലയിൽ മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമം. 1,​000, 500, 100, 50 രൂപയുടെ മുദ്രപത്രങ്ങൾക്ക് ഒരുപോലെ ക്ഷാമമുണ്ട്. മുദ്രപത്രം ലഭിക്കാത്തതിനാൽ വസ്തു രജിസ്‌ട്രേഷനടക്കം മുടങ്ങി. വസ്തു രജിസ്‌ട്രേഷന് ഏറ്റവും കൂടുതൽ ആവശ്യം വരുന്നത് 1,​000, 500 രൂപയുടെ മുദ്രപത്രങ്ങളാണ്. ഭൂമി ഇടപാടിൽ എഗ്രിമെന്റ് കഴിയാറായിട്ടും ആധാരം രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഭാഗപത്രം, ഒഴിമുറി, ദാനം, ധനനിശ്ചയം,​ ചെറിയ സെയിൽ ആധാരങ്ങൾ എന്നിവയും രജിസ്റ്റർ ചെയ്യാനാവുന്നില്ല. നിശ്ചയിച്ച സമയത്ത് രജിസ്‌ട്രേഷൻ നടക്കാത്തത് പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ക്ഷാമം കാരണം 1,​000 രൂപയുടെ മുദ്രപത്രം ആവശ്യമുള്ളിടത്ത് 5,​000 രൂപയുടേത് ഉപയോഗിക്കാൻ നിർബന്ധിതരാവുന്നുണ്ട്. ആവശ്യം നടക്കാൻ പലരും അയൽജില്ലയിൽ നിന്ന് മുദ്രപത്രം വാങ്ങിയാണ് ബന്ധപ്പെട്ട സബ് രജിസ്ട്രാറാഫീസുകളിൽ ആധാരം രജിസ്റ്റർ ചെയ്യുന്നത്. മുദ്രപത്ര ക്ഷാമം വലിയ സാമ്പത്തിക നഷ്ടമാണ് ഉപഭോക്താക്കൾക്ക് ഉണ്ടാകുന്നത്.

ഇ-പേയ്‌മെന്റിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് മുദ്രപത്രങ്ങൾക്ക് ക്ഷാമം നേരിടുന്നതെന്നാണ് വെണ്ടർമാരും ആധാരം എഴുത്തുകാരും പറയുന്നത്. എന്നാൽ തൊട്ടടുത്ത ജില്ലകളിൽ മുദ്രപത്രങ്ങൾ യഥേഷ്ടം ലഭ്യവുമാണ്. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് മഞ്ചേരി സ്റ്റാമ്പ് ഡിപ്പോയിലേക്ക് മുദ്രപത്രം എത്തുന്നത്. ഇവിടെ നിന്നാണ് ട്രഷറികൾക്കും സബ് ട്രഷറികളിലേക്കും എത്തിക്കുന്നത്. എന്നാൽ രണ്ട് മാസത്തിലേറെയായി മഞ്ചേരി ഡിപ്പോയിലേക്ക് മുദ്രപത്രം എത്തുന്നില്ല .


വലഞ്ഞ് ജനം

ആവശ്യക്കാ‌ർ ഏറെയുള്ള 100, 50 രൂപയുടെ സ്റ്റാമ്പ് പേപ്പറുകൾക്കും കടുത്ത ക്ഷാമമാണ്.

തദ്ദേശഭരണ സ്ഥാപനങ്ങൾ, പാസ്‌പോർട്ട് ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മിക്ക ആവശ്യങ്ങൾക്കും മുദ്രപത്രം നിർബന്ധമാണ്.

ജനന, മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്ട്രേഷൻ,​ സ്‌കൂൾ സർട്ടിഫിക്കറ്റുകൾ, അഫിഡവിറ്റുകൾ, ബാങ്ക് വായ്പകൾ തുടങ്ങിയ ആവശ്യങ്ങൾക്ക് 100, 50, 20 രൂപയുടെ മുദ്രപത്രങ്ങളാണ് വേണ്ടത്.

വാടക കരാറിനും ലൈഫ് മിഷൻ വീടിന്റെ ഉടമ്പടിക്കും 200 രൂപയുടെ മുദ്രപത്രമാണ് ഉപയോഗിക്കേണ്ടത്.

ചെറിയ വിലയുടെ മുദ്രപത്രങ്ങൾ ലഭിക്കാതിരിക്കുമ്പോൾ തന്നെ 5,​000 രൂപ മുതൽ മേൽപ്പോട്ടുള്ളവ ജില്ലയിൽ ലഭ്യവുമാണ്.

കൊവിഡ് മൂലം ഏറെ പ്രയാസത്തിലൂടെയാണ് കടന്നുപോവുന്നത്. ചെറു രജിസ്‌ട്രേഷനുകളാണ് കൂടുതലും നടക്കുന്നത്. സ്റ്റാമ്പ് പേപ്പർ കിട്ടാനില്ലാത്തതിനാൽ അതും നടക്കുന്നില്ല. ക്ഷാമം പരിഹരിക്കാൻ സർക്കാ‌ർ നടപടി സ്വീകരിക്കണം.

എസ്. പ്രകാശ്,​ ജില്ലാ പ്രസിഡന്റ്,​ കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ.

Advertisement
Advertisement