യോഗത്തിന്റെ കരുത്തും നട്ടെല്ലും യൂത്ത്മൂവ്മെന്റ്: തുഷാർ വെള്ളാപ്പള്ളി

Wednesday 24 November 2021 1:15 AM IST

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗത്തിന്റെ കരുത്തും നട്ടെല്ലും യൂത്ത്മൂവ്മെന്റാണെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഓച്ചിറ ശ്രീനാരായണ മഠത്തിൽ യോഗം കരുനാഗപ്പള്ളി യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത് മൂവ്മെന്റിലൂടെ വളർന്നുവന്ന ധാരാളം പേർ ഇന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ താക്കോൽ സ്ഥാനങ്ങളിലുണ്ട്. യോഗത്തെ ഏണിപ്പടിയാക്കി രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിലെത്തിയവരിൽ പലരും പിന്നീട് പുറംകാലു കൊണ്ട് തട്ടിയെറിഞ്ഞു. നിലവിലെ യോഗ നേതൃത്വം ഗുരുദേവ സന്ദേശങ്ങളായ സംഘടന, വ്യവസായം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് പ്രവർത്തിക്കുന്നത്. ഈ മേഖലകളിൽ അത്ഭുതകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. യൂണിയനുകളുടെയും ശാഖകളുടെയും എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. ഒരു നൂറ്റാണ്ട് കൊണ്ട് യോഗം കൈവരിച്ചതിന്റെ പതിന്മടങ്ങ് നേട്ടങ്ങളാണ് കഴിഞ്ഞ 25 വർഷം കൊണ്ടുണ്ടായതെന്നും തുഷാർ പറഞ്ഞു.

കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള എസ്.എൻ കോളേജിൽ നിന്ന് റാങ്കു നേടിയ വിദ്യാർത്ഥികളെ മെമന്റോയും കാഷ് അവാർഡും നൽകി തുഷാർ വെള്ളാപ്പള്ളി ആദരിച്ചു. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ്, സെക്രട്ടറി നെടുമങ്ങാട് രാജേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, കരുനാഗപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യൂത്ത് മൂവ്മെന്റ് കൊല്ലം ജില്ലാ ചെയർമാൻ സിബു വൈഷ്ണവ്, കൺവീനർ ശർമ്മ സോമരാജൻ, യോഗം ബോർഡ് മെമ്പർമാരായ കെ.ജെ. പ്രസേനൻ, കെ.പി.രാജൻ, എസ്.സലിംകുമാർ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് സിബു നീലികുളം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ഡി. ശരത്ചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് രഞ്ജിത് ലാൽ നന്ദിയും പറഞ്ഞു.

Advertisement
Advertisement