മോഡലുകളുടെ അപകട മരണം, കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്ക് വലയിൽ കിട്ടി, തിരികെ കളഞ്ഞു!

Wednesday 24 November 2021 1:30 AM IST

കൊച്ചി: മോഡലുകളുടെ അപകട മരണത്തിന് പിന്നിലെ നമ്പർ 18 ഹോട്ടൽ ജീവനക്കാർ കായലിൽ ഉപേക്ഷിച്ച സി.സി.ടി.വി ഹാർഡ് ഡിസ്ക് മത്സ്യബന്ധന തൊഴിലാളിയുടെ വലയിൽ കുരുങ്ങിയിരുന്നു. വല കീറാനിടയാക്കിയ, പ്രയോജനമില്ലാത്ത 'ഇരുമ്പ് വസ്തു' കായലിലേക്ക് തന്നെ കളഞ്ഞെന്നും വ്യക്തമായി. ആളെ തി​രി​ച്ചറി​ഞ്ഞി​ട്ടുണ്ട് പൊലീസ്. ഇയാളെയും മത്സ്യത്തൊഴി​ലാളി​കളെയും കൂട്ടി​ ഇന്ന് സ്ഥലത്ത് വീണ്ടും തെരച്ചിൽ നടത്തും.

നിർണായക തെളിവ് തപ്പി ഫയർഫോഴ്സ് സ്കൂബാ സംഘം ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് താഴെ തെരച്ചിലിനിറങ്ങിയ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് മത്സ്യത്തൊഴിലാളിക്ക് ഹാർഡ് ഡിസ്ക് കിട്ടിയത്.

ഇന്നലെ പൊലീസിന്റെ ആവശ്യപ്രകാരം കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും നേവിയും ചേർന്ന് പാലത്തിന് താഴെ തെരച്ചിൽ നടത്തിയിരുന്നു. കോസ്റ്റൽ പൊലീസിന്റെ സോണാർ സ്കാനറും ഉപയോഗിച്ചു. എന്നാൽ ചലിക്കുന്ന വസ്തുക്കൾ മാത്രമേ ഇതിൽ കൃത്യമായി വ്യക്തമാകൂ. അടിത്തട്ടിലുള്ള വസ്തുക്കൾ തിരിച്ചറിയാമെങ്കിലും എന്താണെന്ന് ഉറപ്പാക്കാൻ കഴിയില്ല. രാവിലെ 11ന് തുടങ്ങിയ തെരച്ചിൽ വൈകിട്ട് ആറരയോടെയാണ് അവസാനിപ്പിച്ചത്. കോസ്റ്റ് ഗാർഡ് സംഘം ഇന്നും തെരച്ചിൽ തുടരും.

ദൃശ്യങ്ങൾ വീണ്ടെടുക്കാം
വേമ്പനാട്ട് കായലിൽ ഉപേക്ഷിച്ച ഹാർഡ് ഡിസ്‌കിന് കേടുപാടുകൾ സംഭവിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനാകും. ഉപ്പുവെള്ളത്തിൽ ഇത്രയധികം ദിവസം കിടന്നത് ഒരുപരിധി വരെ വെല്ലുവിളിയാകുമെന്നാണ് റിട്രീവിംഗ് വിദഗ്ദ്ധർ പറയുന്നത്. ഹീറ്റിംഗ് പ്രോസസറുകൾ വേണ്ടി വരും. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്താൽ റി​ട്രീവിംഗ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കേണ്ടി വരും.

ഒന്നും രണ്ടും നിലകളിലെയും ഇടനാഴി, പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിലെയും ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിക്‌സാണ് പുഴയിൽ ഉപേക്ഷിച്ചത്.

പൊലീസ് എത്തും മുമ്പ് ഇത് ഹോട്ടലുടമ റോയ് വയലാട്ട് ഊരിമാറ്റിച്ച് കായലിൽ ഉപേക്ഷിക്കുകയായിരുന്നു. ദൃശ്യങ്ങൾ ലഭിച്ചാൽ അപകടമരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിയും.

Advertisement
Advertisement