ആനവണ്ടിക്ക് വമ്പൻ വരുമാനം; ഒന്നര വ‌ർഷത്തിന് ശേഷം കെഎസ്‌ആർടിസിയുടെ പ്രതിദിന കളക്ഷൻ അഞ്ച് കോടി കടന്നു

Wednesday 24 November 2021 1:03 AM IST

തിരുവനന്തപുരം: നഷ്‌ടത്തിൽ കൂപ്പുകുത്തുന്ന കെഎസ്‌ആർടിസിയിൽ നിന്നും ഒരു ആശ്വാസ വാർത്ത. കഴിഞ്ഞ 20 മാസങ്ങൾക്കിടെ പ്രതിദിന വരുമാനം ആദ്യമായി അഞ്ച് കോടി പിന്നിട്ടു. 2020 മാർച്ചിലാണ് ഇതിനുമുൻപ് കെഎസ്ആ‌ർടിസിയുടെ പ്രതിദിന വരുമാനം അഞ്ച് കോടി രൂപ കഴിഞ്ഞത്.

തിങ്കളാഴ്‌ചത്തെ കളക്ഷൻ 5.28 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ 4572 ബസുകൾ സർവീസ് നടത്തിയതിൽ നിന്നാണ് അഞ്ച് കോടി ലഭിച്ചത്. എന്നാൽ നിലവിൽ 3445 ബസുകൾ മാത്രമാണുള‌ളത്. പമ്പയിലേക്ക് 66 സ്‌പെഷ്യൽ സർവീസുകൾ നടത്തി. 6.51,495 രൂപയാണ് ശബരിമല സർവീസിലെ വരുമാനം. ഒക്‌ടോബറിൽ കെഎസ്‌ആർടിസിയിലെ പ്രതിമാസ വരുമാനം 100 കോടി പിന്നിട്ടു. 113.77 ആയിരുന്നു അത്.