ബ്യൂട്ടി പാർലർ വെടിവയ്പ് കേസ്: സിയ 7 തവണ പറന്നു; എട്ടാം വട്ടം കുടുങ്ങി

Wednesday 24 November 2021 1:08 AM IST

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പിലെ മുഖ്യ ആസൂത്രകനും കാസർകോട് ഉപ്പളയിലെ ഗുണ്ടാ സംഘത്തലവനുമായ യൂസഫ് സിയ വ്യാജ പാസ്പോർട്ടിൽ ഏഴ് തവണ വിദേശത്തേക്ക് യാത്ര ചെയ്തതായി തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എ.ടി.എസ്) വിവരം ലഭിച്ചു. എട്ടാമത്തെ യാത്രയ്ക്കിടെയാണ് മുംബയ് വിമാനത്താവളത്തിൽ പിടിയിലായത്.

അന്വേഷണ ഏജൻസികളുടെ ലുക്ക് ഔട്ട് നോട്ടീസ് തിരിച്ചറിഞ്ഞ് വിമാനത്താവള അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഏഴ് വർഷത്തെ സിയയുടെ യാത്രകൾ, ദുബായിലെ സഹായികൾ എന്നിവയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എ.ടി.എസിനോട് സഹകരിക്കാത്ത സിയ പലകാര്യങ്ങളും മറച്ചുവയ്ക്കുന്നു. നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വാങ്ങി ഇയാളെ ചോദ്യം ചെയ്യുന്നു.

ഗുണ്ടകളെ

ഭയന്ന് സിയ

മൂന്ന് കൊലക്കേസുകളിൽ പ്രതിയാണ് സിയ. കൊല്ലപ്പെട്ടവരിലൊരാൾ മംഗലാപുരത്തെ കുപ്രസിദ്ധ ഗുണ്ടയാണ്. ഈ സംഘത്തിന്റെ നോട്ടപ്പുള്ളിയാണ് സിയ. നടി ലീനയെ ഭീഷണിപ്പെടുത്താൻ അധോലോക കുറ്റവാളി രവി പൂജാരിക്ക് സിയ നേരിട്ട് ക്വട്ടേഷൻ നൽകി. ഇതിന് സഹായിച്ചവരെ കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. എത്ര കോടിയാണ് പൂജാരിക്ക് വാഗ്ദാനം ചെയ്തതെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു.

വെടിയും

പുകയും

രവി പൂജാരിയെ കളത്തിലിറക്കി സിയയുടെ രണ്ടാമത്ത ഓപ്പറേഷനായിരുന്നു കൊച്ചിയിലേത്. ലീനയി​ൽ നി​ന്ന് സിയയും സംഘവും 25 കോടി തട്ടാനാണ് ലക്ഷ്യമിട്ടത്. പൂജാരിയെ

രംഗത്തിറക്കിയെങ്കിലും ഭീഷണി ഏറ്റില്ല. മറ്റാരോ കബളിപ്പിക്കുന്നതായാണ് ലീന കരുതിയത്. ഇക്കാര്യം പൊലീസിനെ അറിയിച്ച തൊട്ടടുത്ത ദിവസമായിരുന്നു ബ്യൂട്ടിപാർലറിന് നേരേ വെടിവയ്പുണ്ടായത്. ഇതോടെ പദ്ധതി​ പാളി​. കൂട്ടുപ്രതികളായ ഡോ. അജാസ്, നിസാം സലിം എന്നിവരെക്കുറിച്ച് സിയയിൽ നിന്ന് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ക്വാഡ്.

Advertisement
Advertisement