ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് എത്തിയപ്പോഴേക്കും പൊളിച്ചു മാറ്റി
പൊള്ളാച്ചി: പാലക്കാട്ട് ആർ എസ് എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ പൊലീസ് എത്തുന്നതിന് മുമ്പെ പൊളിച്ചു മാറ്റി. പ്രതികൾ സഞ്ചരിച്ച മാരുതി 800 കാർ തമിഴ്നാട്ടിലേക്ക് കടത്തിയെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം പൊള്ളാച്ചിയിലെത്തുകയായിരുന്നു. എന്നാൽ ഇവർ എത്തുന്നതിന്റെ തലേന്ന് തന്നെ വാഹനം പൊളിച്ചതായി വർക്ക്ഷോപ്പ് ഉടമ പറഞ്ഞു. കാറിന്റെ ഡോറുകളും ടയറും എൻജിനുമെല്ലാം വേർപ്പെടുത്തിയ നിലയിലാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് വെള്ളനിറത്തിലുള്ള കാർ രണ്ടു പേർ പൊളിക്കാനായി കൊണ്ടു വന്നതെന്നും ആർ സി ബുക്ക് അടക്കമുള്ള രേഖകൾ കാണിച്ചതിനാൽ മറ്റ് സംശയം ഒന്നും തോന്നിയില്ലെന്നും വർക്ക്ഷോപ്പ് ഉടമ പറഞ്ഞു. 15000 രൂപ നൽകിയാണ് ഇവരിൽ നിന്ന് കാർ വാങ്ങിയത്. കാർ പൊളിച്ചെങ്കിലും ഇതിന്റെ വിവിധ ഭാഗങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്‌ദ്ധരെത്തി ഇവ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ. വാഹനം വർക്ക്ഷോപ്പിലെത്തിക്കുന്നതിന്രെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വർക്ക്ഷോപ്പിനു സമീപമുള്ള കടയിലെ ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്.
നവംബര്‍ 15-നാണ് പാലക്കാട് എലപ്പുള്ളി മമ്പറത്തുവെച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളായ രണ്ടുപേരെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ മാരുതി 800 കാറിൽ പാലക്കാട് തൃശൂർ ദേശീയ പാതയിലേക്ക് രക്ഷപ്പെട്ടു. കുഴൽമന്ദത്തുവച്ച് കാർ കേടായതിനെ തുടർന്ന് വർക്ക്‌ഷോപ്പിൽ പോയെങ്കിലും പെട്ടെന്ന് നന്നാക്കി കിട്ടിയില്ല. തുടർന്ന് ഇവിടെനിന്ന് സംഘം പലവഴിക്ക് പിരിഞ്ഞു. പ്രതികൾ കാർ നേരത്തെ വാങ്ങുകയും വടക്കഞ്ചേരി അണയ്ക്കപ്പാറയിലെ ഒരു വീട്ടിൽ സൂക്ഷിക്കുകയുമായിരുന്നു.