ഇടുക്കിയിലെ കുളത്തിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി, അപകടം ആമ്പൽ പറിക്കാനെത്തിയപ്പോഴെന്ന് പ്രാഥമിക നിഗമനം

Wednesday 24 November 2021 4:40 PM IST

ഇടുക്കി: വണ്ണപ്പുറം ഒടിയപാറയിൽ രണ്ട് യുവാക്കളെ മെറ്റൽ ക്രഷർ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരാണ് മരണമടഞ്ഞത്. കുളത്തിൽ ആമ്പൽ പറിക്കാനെത്തിയപ്പോൾ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. ഇരുവരും പതിവായി കുളത്തിൽ ആമ്പൽ പറിക്കാനെത്തുമായിരുന്നെന്ന് നാട്ടുകാർ പൊലിസിനെ അറിയിച്ചു. മരണമടഞ്ഞവരിൽ ഒരാൾ അപസ്മാരത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രാഥമിക നിഗമനത്തിൽ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതലായി എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.