പ്രകൃതിദത്ത റബറിന് ദൗർലഭ്യം: ഇറക്കുമതിക്ക് വ്യവസായികൾ

Thursday 25 November 2021 12:02 AM IST

കൊച്ചി: കേരളത്തിലെ ഏറ്റവും ഉയർന്ന ഉത്പാദന കാലത്ത് പ്രകൃതിദത്ത റബ്ബറിനുണ്ടായ ദൗർലഭ്യം ടയർ വ്യവസായികളെ ആശങ്കയിലാക്കുന്നു. പ്രകൃതിദത്ത റബർ ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നും ടയർ നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. ടയറുകളുടെ ആവശ്യം ഉയരുമ്പോഴും സ്വാഭാവിക റബ്ബറിന്റെ (എൻ.ആർ) ലഭ്യത കുറഞ്ഞത് ടയർ ഉദ്പാദനത്തെ പ്രതികൂലമായി ബാധിച്ചതായി ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (എ.ടി.എം.എ) കേന്ദ്ര വാണിജ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

2020 ൽ ഒക്‌ടോബർ, നവംബർ മാസങ്ങളിലെ ശരാശരി ആഭ്യന്തര ഉത്പ്പാദനം 75,000 മെട്രിക് ടൺ വീതമായിരുന്നു. നടപ്പുവർഷം ഒക്‌ടോബറിലും നവംബറിലും 50,000 മെട്രിക് ടൺ കവിയില്ല. പ്രകൃതിദത്ത റബ്ബർ ഉപഭോഗം രണ്ട് മാസങ്ങളിൽ ഒരു ലക്ഷം മെട്രിക് ടണ്ണിൽ കൂടുതലായി തുടരും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മൊത്തം പ്രകൃതിദത്ത റബറിന്റെ 75 ശതമാനവും ടയർ വ്യവസായമാണ് ഉപയോഗിക്കുന്നത്.

റബ്ബർ ബോർഡിന്റെ കണക്കുകൾ പ്രകാരം ഉപഭോഗം ഉത്പാദനത്തേക്കാൾ വർദ്ധിച്ചതിനാൽ സ്വാഭാവിക റബ്ബറിന്റെ ആവശ്യം വർദ്ധിക്കുകയാണ്. ടയർ ഉത്പാദനവും കയറ്റുമതിയും തടസ്സമില്ലാതെ തുടരാൻ പ്രകൃതിദത്ത റബ്ബർ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കണം. ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണങ്ങളും നീക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertisement
Advertisement