യുവേഫ ചാമ്പ്യൻസ് ലീഗ് : ബർത്തിലേറി മാഞ്ചസ്റ്റർ,ബുദ്ധിമുട്ടിലായി ബാഴ്സ

Wednesday 24 November 2021 10:18 PM IST

വിയ്യാറയലിനെ വീഴ്ത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ബർത്ത്

ബെൻഫിക്കയോട് സമനില വഴങ്ങിയ ബാഴ്സലോണയുടെ ബർത്ത് തുലാസിൽ

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരങ്ങളിൽ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും പ്രീ ക്വാർട്ടർ ബർത്ത് സ്വന്തമാക്കി. മാഞ്ചസ്റ്റർ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് സ്പാനിഷ് ക്ളബ് വിയ്യാറയലിനെ കീഴടക്കിയപ്പോൾ ചെൽസി ഏകപക്ഷീയമായ നാലുഗോളുകൾക്ക് നേരത്തേ ബർത്ത് ഉറപ്പിച്ചിരുന്ന ഇറ്റാലിയൻ ക്ളബ് യുവന്റസിനെയാണ് തോൽപ്പിച്ചത്. ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും വിജയം നേടി. അതേസമയം പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയോട് ഗോൾരഹിത സമനില വഴങ്ങിയ മുൻചാമ്പ്യന്മാരായ ബാഴ്സലോണയുടെ പ്രീ ക്വാർട്ടർ പ്രവേശനം തുലാസിലായി.

മുഖ്യ പരിശീലകൻ‌ ഒലെ ഗുണ്ണാർ സോൾഷ്യറിനെ പുറത്താക്കിയതിനു പിന്നാലെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിയ്യാറയലിന്റെ തട്ടകത്തിൽ ചെന്നാണ് വിജയം നേടിയത്. 78-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും 90-ാം മിനിട്ടിൽ ജെയ്ഡൻ സാ‍ഞ്ചോയുമാണ് ഗോളുകൾ നേടിയത്.

ഗ്രൂപ്പ് എച്ചിൽ പോയിന്റ് പട്ടികയിൽ മുന്നിൽനിന്ന യുവന്റസിനെ തരിപ്പണമാക്കിയാണ്ചെൽസി പ്രീക്വാർട്ടർ ഉറപ്പാക്കിയത്. ട്രെവോ കാലോബ (25), റീസ് ജയിംസ് (55), ഹഡ്സൻ ഒഡോയ് (58), തിമോ വെർണർ (90+5) എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്.

ഗ്രൂപ്പ് ജിയിൽ പ്രീക്വാർട്ടർ പ്രവേശത്തിനുള്ള പോരാട്ടം കൂടുതൽ ആവേശകരമാക്കി ഫ്രഞ്ച് ക്ലബ് ലിലെയ്ക്കും സ്പാനിഷ് ക്ലബ് സെവിയ്യയ്ക്കും വിജയം. ലിലെ സാൽസ്ബർഗിനെ എതിരില്ലാത്ത ഒരു ഗോളിനും സെവിയ്യ വോൾഫ്സ്ബർഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും തോൽപ്പിച്ചു.

ഗ്രൂപ്പ് ഇയിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ജർമൻ ചാമ്പ്യന്മാരായ ബയൺ മ്യൂണിക്ക് ആധിപത്യം ഉറപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഡൈനമോ കീവിനെയാണ് ബയൺ വീഴ്ത്തിയത്. റോബർട്ടോ ലെവൻഡോവ്സ്കി (14), കിംഗ്സ്‌ലി കോമൻ (42) എന്നിവരാണ് ഗോൾ നേടിയത്. ഡൈനമോ കീവിന്റെ ആശ്വാസഗോൾ ഹർമാഷ് 70–ാം മിനിട്ടിൽ നേടി.

അതേസമയം ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ബെൻഫിക്ക അവരെ ഗോൾരഹിത സമനിലയിൽ തളച്ചത്. ഇതോടെ, ബാർസയുടെ നോക്കൗട്ട് പ്രതീക്ഷകൾ മങ്ങി. അവസാന മത്സരത്തിൽ കരുത്തരായ ബയൺ മ്യൂണിക്കിനെ തോൽപ്പിച്ചാൽ മാത്രമേ ബാഴ്സയ്ക്ക് പ്രീ ക്വാർട്ടറിലെത്താനാകൂ . അല്ലെങ്കിൽ അവസാന മത്സരത്തിൽ ബെൻഫിക്ക ഡൈനാമോ കീവിനോട് ജയിക്കാതി

രിക്കണം.

Advertisement
Advertisement