ഓൺലൈൻ ലോട്ടറി​ക്ക് സമ്മാനം നഹി​ നഹി....

Thursday 25 November 2021 12:37 AM IST

കൊച്ചി: ഓൺലൈനിലൂടെ വാങ്ങി​യ ടിക്കറ്രിന് സമ്മാനം ലഭി​ച്ചാൽ പണം കി​ട്ടുമെന്ന് പ്രതീക്ഷി​ക്കേണ്ട. ടി​ക്കറ്റി​ന്റെ ഫോട്ടോ മാത്രമാണ് ഓൺ​ലൈനി​ൽ ലഭി​ക്കുക. സമ്മാനം ലഭി​ച്ചാൽ പി​ന്നെ ഈ വി​രുതന്മാരെ വിളിച്ചാൽ കി​ട്ടി​ല്ല.

കോഴിക്കോട്ടെ ഓൺലൈൻ വില്പനക്കാരനിൽ നിന്ന് പൂജ ബമ്പർ വാങ്ങി​യ പാറശാല സ്വദേശിനിയുടെ അനുഭവവും ഇങ്ങനെ: യുവതി​ വാങ്ങി​യ എൻ.എ 319275 എന്ന ടിക്കറ്റി​ന് ആയി​രം രൂപ സമ്മാനം ലഭി​ച്ചു. പണത്തിനായി​ വി​ളി​ച്ചപ്പോൾ ഫോൺ​ സ്വി​ച്ച്ഡ് ഓഫ്. രണ്ടുമാസം മുമ്പാണ് യുവതി ടിക്കറ്റ് വാങ്ങിയത്. പണം ഓൺലൈൻ വഴി നൽകി​. ഓൺ​ലൈനായി​ ലോട്ടറി​ ടി​ക്കറ്റി​ന്റെ ചി​ത്രവും അയച്ചുകി​ട്ടി​.

പേപ്പർ ലോട്ടറി കൈയ്യിൽ ഇല്ലാത്തതിനാൽ തുക അവകാശപ്പെടാൻ സാധിക്കില്ല. ഏജൻസിയുടെ മുദ്ര‌യും മറ്റുവിവരങ്ങളും ലോട്ടറി​ ചി​ത്രത്തി​ൽ ഇല്ല. സംസ്ഥാനത്ത് പൂജാ ബമ്പർ ഓൺലൈൻ വില്പന ഉഷാറായി​രുന്നു. ഇതേക്കുറി​ച്ച് ലോട്ടറി​ വകുപ്പ് അന്വേഷി​ക്കുന്നതി​നി​ടെ സമാനമായ നി​രവധി​ തട്ടി​പ്പുകളാണ് പുറത്തുവന്നത്.

ഒരേ ടിക്കറ്റ്, പല അവകാശികൾ!

തമിഴ്നാട്ടിൽ ലോട്ടറി ഇല്ലാത്തതിനാൽ കേരളത്തിൽ നിന്ന് വലിയ തോതിൽ ഓൺലൈൻ ടിക്കറ്റ് വ്യാപാരം നടക്കുന്നുണ്ട്. രാജ്യത്ത് എവിടേക്കും ടിക്കറ്റ് ഓൺലൈനായി അയച്ചു നൽകും. ഒരേ ടിക്കറ്റ് തന്നെ പല ആളുകൾക്ക് സംഘം അയച്ചു നൽകുന്നുണ്ട്. അതിനാൽ ഇനിയും നിരവധി കേസുകൾ വരാൻ ഇടയുണ്ടെന്ന് ലോട്ടറി വകുപ്പ് അധികൃതർ പറഞ്ഞു.

കേരള ലോട്ടറി സംസ്ഥാനത്തിന് പുറത്ത് വിൽക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ഫേസ്ബുക്ക്, വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി ഇടപാടുകൾ സജീവമാണ്. 200 രൂപയുടെ ബമ്പർ വാങ്ങുമ്പോൾ 100രൂപ അധികം നൽകണം. എത്ര വാങ്ങിയാലും 100രൂപയാണ് ഫീസ്.

ഈ ഇടപാട് 2011ലെ സംസ്ഥാന ലോട്ടറി റഗുലേഷൻ അമെൻഡ്‌മെന്റ് റൂൾ പ്രകാരവും കേന്ദ്ര പേപ്പർലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരവും കുറ്റകരമാണ്. വില കൂട്ടിയോ കുറച്ചോ വിൽക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉടൻ ഉണ്ടാകുമെന്നും വിവരങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ബോധവത്കരണം നടത്തും

അനധികൃത ഓൺലൈൻ വില്പനയ്ക്കെതിരെ പത്രമാദ്ധ്യമങ്ങൾ വഴി ബോധവത്കരണം നടത്താൻ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. നിരവധി ആളുകൾ ഇത്തരത്തിൽ ചതിക്കുഴികളിൽ വീഴാൻ ഇടയുള്ളതിനാലാണിത്.

ബി.സുരേന്ദ്രൻ

ഡെപ്യൂട്ടി ഡയറക്ടർ, ഇന്റലിജൻസ് വിഭാഗം, കേരള ലോട്ടറി

Advertisement
Advertisement