മഴയെ അതിജീവിക്കുന്ന റോഡ് നിർമ്മാണം ആലോചനയിൽ

Wednesday 24 November 2021 11:09 PM IST

തിരുവനന്തപുരം:വിദേശ മാതൃകയിൽ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനാകുന്ന റോഡ് നിർമ്മാണം സംസ്ഥാനത്ത് നടപ്പാക്കുന്നത് ആലോചനയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മസ്കറ്റ് ഹോട്ടലിൽ പൊതുമരാമത്ത് പ്രവൃത്തികളുടെ ഡിഫക്ട് ലയബിലിറ്റി പീരീഡ് ( ഡി എല്‍ പി ) വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

തുടർച്ചയായി പെയ്യുന്ന കനത്ത മഴ പൊതുമരാമത്ത് പ്രവൃത്തികൾക്ക് തടസമാകുന്ന സാഹചര്യത്തിലാണ് യ നിർമ്മാണശൈലി വിദേശ മാതൃകയിലാക്കാൻ ആലോചിക്കുന്നത്. 108 ശതമാനം അധിക മഴയാണ് സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനകം അനുഭവപ്പെട്ടത്. സംസ്ഥാനത്തെ പല റോഡുകളും വെള്ളക്കുഴിയായി. റോഡ് നിർമ്മാണ പ്രവൃത്തികൾക്ക് ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള ടൈം ഷെഡ്യൂൾ നിശ്ചയിക്കും. ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണെന്ന ആശയം മുൻനിറുത്തിയാകും നിർമ്മാണ ജോലികൾ . ഡിഫക്റ്റ് ലയബിലിറ്റി കാലത്തെ പ്രവൃത്തി, കരാറുകാരൻ, ഫോൺ നമ്പർ , ചുമതപ്പെട്ട ഉദ്യോഗസ്ഥൻ, ഫോൺ നമ്പർ എന്നിവ സൈറ്റിൽ ലഭ്യമാക്കും.

രണ്ടാം ഘട്ടത്തിൽ റോഡിന്റെ രണ്ടുവശത്തും ഇത് സംബന്ധിച്ച ബോ‌ർഡ് സ്ഥാപിക്കും. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് പ്രവൃത്തികളിൽ ഇടപെടാനുള്ള അവസരമാണിതെന്ന് മന്ത്രി പറഞ്ഞു.പദ്ധതിയുടെ ഉദ്ഘാടനം നടൻ ഇന്ദ്രൻസ് നിർവ്വഹിച്ചു.

Advertisement
Advertisement