നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യ : ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

Thursday 25 November 2021 12:20 AM IST

ആലുവ: ഭർത്തൃവീട്ടിലെ പീഡനം സംബന്ധിച്ച പരാതിയിൽ പൊലീസ് സ്റ്റേഷനിലെ ചർച്ചയ്ക്കു പിന്നാലെ നിയമവിദ്യാർത്ഥിനി തൂങ്ങിമരിച്ച കേസിൽ ഭർത്താവിനെയും മാതാപിതാക്കളെയും ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയോട് സ്റ്റേഷനിൽ മോശമായി പെരുമാറിയെന്ന ആരോപണ വിധേയനായ ആലുവ സി.ഐ സി.എൽ. സുധീറിനെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി.

ആലുവ കക്കാട്ടിൽ 'പ്യാരിവില്ല'യിൽ ദിൽഷാദിന്റെ മകൾ മോഫിയാ പർവീൻ (21) ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കോതമംഗലം മലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈൽ (27), ഭർത്തൃമാതാവ് റുഖിയ (55), ഭർത്തൃപിതാവ് യൂസഫ് (63) എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണ, ബോധപൂർവ്വമല്ലാത്ത നരഹത്യ തുടങ്ങി നാലു വകുപ്പുകൾ പ്രകാരമാണ് കേസ്. ആലുവ ഡി.വൈ.എസ്.പി പി.കെ ശിവൻകുട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

സി.ഐയെ സർവീസിൽ നിന്നു പുറത്താക്കണമെന്നും ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കുത്തിയിരിപ്പ് സമരം ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനെ സംഘർഷ ഭൂമിയാക്കി. ബെന്നി ബഹന്നാൻ എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ രാവിലെ ആരംഭിച്ച കുത്തിയിരിപ്പ് സമരം രാത്രിയും തുടരുകയാണ്. സ്റ്റേഷൻ വളപ്പിൽ രണ്ട് വട്ടം സമരക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. 13 പേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ 10 പേർ ആശുപത്രികളിൽ ചികിത്സ തേടി.

സി.ഐയെ സ്ഥലം മാറ്റിയതായി ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി അറിയിച്ചെങ്കിലും സർവീസിൽ നിന്നു പുറത്താക്കണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിന്നു. സസ്‌പെൻഷനെങ്കിലും പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കാമെന്നായിരുന്നു പൊലീസ് നിലപാട്.

മോഫിയാ പർവീൻ തിങ്കളാഴ്ച്ച രാവിലെ സി.ഐ സി.എൽ. സുധീറിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷം വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു. ചർച്ചയ്ക്കിടെ സി.ഐ മോശമായി പെരുമാറിയെന്നും സി.ഐക്കെതിരെ നടപടി വേണമെന്നും ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു.

Advertisement
Advertisement