തെരുവുനായ്ക്കളുടെ പെരുപ്പം തടയാൻ ബൗ ബൗ ഫെസ്റ്റ് കൂടി

Thursday 25 November 2021 12:39 AM IST

കോഴിക്കോട്: തെരുവുനായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കാൻ എ.ബി.സി പദ്ധതിയ്ക്കൊപ്പം കോർപ്പറേഷൻ പുത്തൻ പോംവഴികൾ കൂടി തേടുന്നു. ഇതിന്റെ ഭാഗമായി തെരുവുനായക്കുഞ്ഞുങ്ങളെ ദത്ത് നൽകുന്ന ക്യാമ്പിന് തുടക്കമിടുകയാണ്.

തെരുവ്‌ നായ്ക്കളുടെ വന്ധ്യങ്കരണത്തിനായി പൂളക്കടവിൽ രണ്ടു വർഷമായി ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ആശുപത്രി പ്രവർത്തിക്കുന്നുണ്ടെങ്കിലും പെരുപ്പം ഇനിയും ഫലപ്രദമായി തടയാനായില്ലെന്നു കണ്ടാണ് കൂടുതൽ പദ്ധതികൾക്ക് കോർപ്പറേഷൻ ഒരുങ്ങുന്നത്. അക്രമകാരികളായ തെരുവുനായ്ക്കളുടെ ശല്യം വല്ലാതെ കൂടിയതായി കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ശ്രദ്ധക്ഷണിക്കൽ വന്നതിനു പിറകെ ചൂടേറിയ ചർച്ചയും നടന്നിരുന്നു. ഡോഗ് പാർക്ക് പോലുള്ള സംവിധാനങ്ങൾ പോലും ആലോചിക്കണമെന്ന ആവശ്യം ഉയർന്നതാണ്. തെരുവുനായശല്യം ഒഴിവാക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് മേയർ ബീന ഫിലിപ്പ് വ്യക്തമാക്കിയിരുന്നു.

നഗരപരിധിയിൽ 2018-ലെ സർവേ പ്രകാരം നഗരപരിധിയിൽ 13,182 തെരുവുനായ്ക്കളുണ്ടെന്നാണ് കണ്ടെത്തിയത്. കണ്ടെത്തിയത്. ഇപ്പോൾ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

വന്ധ്യങ്കരിച്ചത് 8021 നായ്‌ക്കളെ

തെരുവുനായ്ക്കളുടെ പെരുപ്പം തടയാൻ എ.ബി.സി പദ്ധതി മാത്രം പോരെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ അഭിപ്രായം. ഇത് കണക്കിലെടുത്താണ് കൂടുതൽ പദ്ധതികളിലേക്ക് കോർപ്പേറഷൻ തിരിഞ്ഞത്. ഇതുവരെ വന്ധ്യങ്കരിച്ചത് 8021 തെരുവുനായ്ക്കളെയാണ്.

എ.ബി.സി ആശുപത്രിയുടെ പ്രവർത്തനം മികച്ച രീതിയിൽ തുടരുന്നുണ്ടെങ്കിലും നായ്ക്കളുടെ എണ്ണത്തിൽ പ്രകടമായ കുറവ് വരാൻ വർഷങ്ങളെടുക്കും. തെരുവുനായ്ക്കളെ ആശുപത്രിയിൽ എത്തിച്ച് വന്ധ്യങ്കരണ ശസ്ത്രക്രിയ ചെയ്ത് മുറിവ് ഉണങ്ങിയ ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ വിടുന്നതാണ് രീതി. ഓരോ വർഷവും ഫീൽഡ് തലത്തിൽ പ്രതിരോധ കുത്തിവയ്പ്പെടുത്ത് പേവിഷബാധ നിർമ്മാർജനം ചെയ്യുകയും പദ്ധതിയുടെ ലക്ഷ്യമാണ്.

 ദത്ത് ക്യാമ്പ് 29ന് ടാഗോർ ഹാളിൽ

തെരുവുനായക്കുഞ്ഞുങ്ങളെ ദത്ത് നൽകുന്നതിനായി കോർപ്പറേഷൻ ആവിഷ്കരിച്ച 'ബൗ ബൗ ഫെസ്റ്റ്" അഡോപ്ഷൻ ക്യാമ്പിന്റെ തുടക്കം 29നാണ്. രാവില 11 മുതൽ ടാഗോർ സെന്റിനറി ഹാളിൽ രാവിലെ 11മുതലാണ് ക്യാമ്പ്. രണ്ടു മാസം പ്രായമായ തെരുവുനായക്കുഞ്ഞുങ്ങളെ പേവിഷബാധ കുത്തിവയ്പ്പെടുത്ത ശേഷമാണ് ദത്ത് നൽകുക.

താത്പര്യമുള്ളവർ തിരിച്ചറിയൽ കാർഡ് സഹിതം ക്യാമ്പിൽ എത്തണം. കോഴിക്കോട് കോർപ്പറേഷന്റെ വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്തും നായക്കുഞ്ഞുങ്ങളെ സ്വന്തമാക്കാം.

നായ്ക്കൾ തെരുവിൽ അലഞ്ഞുതിരിയുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം.

ലൈസൻസ് ഉൾപ്പെടെ നിയമപരായ എല്ലാ നിബന്ധനകളും ബാധകമായിരിക്കും. എ.ബി.സി ആശുപത്രി വഴി ഇതുവരെ 19 നായക്കുട്ടികളെ ദത്ത് നൽകിയിട്ടുണ്ട്.