നീണ്ട പോരാട്ടത്തിനൊടുവിൽ ഈ കുടുംബത്തിന് കുടിവെള്ളം

Thursday 25 November 2021 12:56 AM IST

കോഴിക്കോട്: നീണ്ട ഒൻപതു മാസത്തെ പോരാട്ടത്തിനൊടുവിൽ മെഡിക്കൽ കോളേജിനു സമീപം കുയ്യാലിൽ പറമ്പിൽ എം. ശിവദാസ മേനോന്റെ കുടുംബത്തിന് കുടിവെള്ളം കിട്ടിത്തുടങ്ങി. മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് വാട്ടർ അതോറിറ്റി കനിഞ്ഞത്.
പരാതി ലഭിച്ചയുടൻ കമ്മിഷൻ ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറോട് ആവശ്യമായ നടപടി സ്വീകരിക്കാൻ ഉത്തരവായിരുന്നു. സർവീസ് ലൈനിൽ ജലലഭ്യത കുറവായതിനാൽ അമൃത് പദ്ധതി പ്രകാരം സ്ഥാപിച്ച ലൈനിലേക്ക് കണക്‌ഷൻ മാറ്റി നൽകി ജലലഭ്യത ഉറപ്പാക്കിയതായി ജല അതോറിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പരാതിക്കാരൻ താമസസ്ഥലം ഉയർന്ന പ്രദേശമായതിനാൽ ജലസംഭരണി സ്ഥാപിച്ച് ജലം ശേഖരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ, ഇതിനുശേഷവും കുടിവെള്ളം കിട്ടിയില്ല. ഉയർന്ന പ്രദേശമെന്ന പ്രശ്നത്തിൽ കുടുങ്ങി കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയായിരുന്നു ഈ കുടുംബം.
കമ്മിഷൻ ഇടപെട്ടിട്ടും വെള്ളം കിട്ടുന്നില്ലെന്ന പരാതി ഉയർന്നതോടെ ജല അതോറിറ്റിയുടെ ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനിയറെ നവംബർ 5ന് കോഴിക്കോട്ട് കമ്മിഷൻ സിറ്റിംഗിൽ വിളിച്ചു വരുത്തി. പരാതിക്കാരന് കുടിവെള്ളം ഉറപ്പാക്കണമെന്ന് അസിസ്റ്റന്റ് എൻജിനിയർക്ക് കമ്മിഷൻ കർശനനിർദ്ദേശം നൽകി. ജല ലഭ്യത ഉറപ്പാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദ്ദേശം. ഇതിനു പിന്നാലെ പരാതിക്കാരന് വാട്ടർ അതോറിറ്റി ജലലഭ്യത ഉറപ്പാക്കി റിപ്പോർട്ട് നൽകുകയായിരുന്നു.

Advertisement
Advertisement