നാദാപുരത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയുമായി ഗ്രാമപഞ്ചായത്ത്, പണി കിട്ടും

Thursday 25 November 2021 12:06 AM IST
നാദാപുരത്ത് മാലിന്യം നിക്ഷേപിച്ച സ്ഥലത്ത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. പി. രജുലാൽ ,ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു എന്നിവർ പരിശോധന നടത്തുന്നു .

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ രാത്രിയെന്നോ പകൽ എന്നോ വ്യത്യാസമില്ലാതെ മാലിന്യം തള്ളുന്നത് വീണ്ടും പതിവായതോടെ നാട്ടുകാർ ദുരിതത്തിലായി. ഇതിനെതിരെ ഗ്രാമ പഞ്ചായത്ത് നടപടിയുമായി രംഗത്തിറങ്ങി. മറ്റു പഞ്ചായത്തുകളിൽ നിന്നു പോലും മാലിന്യങ്ങൾ നിറച്ച ചാക്കുകെട്ടുകൾ നാദാപുരത്ത് തള്ളുകയാണ്.അറവുമാലിന്യങ്ങളടക്കം ചാക്കിൽ കെട്ടി തള്ളുന്നത് പതിവായതോടെ പ്രതിഷേധവും ശക്തമായി.റോഡരികിലും പ്രദേശത്തെ കുറ്റികാടുകളിലും മാലിന്യ കൂമ്പാരങ്ങൾ നിറഞ്ഞതോടെ മൂക്കു പൊത്താതെ സ‌‌ഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.പച്ചക്കറി മാലിന്യങ്ങളും സമീപ പ്രദേശത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളാണ് തള്ളുന്നതിൽ ഏറെയും.ഇതോടെയാണ് മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായി നടപടി തുടങ്ങിയത്.

പണി കിട്ടിയവർ

കല്ലാച്ചി ടൗണിനടുത്ത് പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കിയ ഫ്ലാറ്റിന് പതിനായിരം രൂപ പിഴ ചുമത്തി. വില്യാപ്പള്ളി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനത്തിലെ മാലിന്യങ്ങൾ നാദാപുരം പുളിക്കൂൽ തോടിൽ നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വില്യാപ്പള്ളി ടൗണിൽ പ്രവർത്തിക്കുന്ന സാഫ്രോൺ ഹോട്ടലിൽ നിന്നുള്ള മാലിന്യങ്ങളാണ് തോട്ടിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഈ സ്ഥാപനത്തിനെതിരെ നിയമ നടപടികൾക്കായി വിശദാംശങ്ങൾ പൊലീസ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്. സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ നിറച്ച ചാക്കുകൾ റോഡരികിലും തോട്ടിലും വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത് .ചാക്ക് കെട്ടുകൾ വിശദമായി പരിശോധിച്ചതിനെ തുടർന്നാണ് സ്ഥാപനം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. മാലിന്യം കൃത്യമായി സംസ്ക്കരിക്കാത്തതിന് നാദാപുരം പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രവർത്തിക്കുന്ന ടീ ഷോപ്പ് , ഫ്രൂട്ട് സ്റ്റാൾ എന്നിവയ്ക്ക് നോട്ടീസ് നൽകി. പഞ്ചായത്തിലെ പതിനാലാം വാർഡിലെ മഞ്ചാംപാറ പറമ്പിൽ കണ്ടെത്തിയ മാലിന്യനിക്ഷേപം അധികൃതർ പരിശോധിച്ചു . വാർഡ് സാനിറ്റേഷൻ കമ്മിറ്റി മുഖേന മാലിന്യം നീക്കം ചെയ്തു സംസ്കരിച്ചു. തുടർന്ന് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. പി. രജുലാൽ ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ.സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.

മാലിന്യ സംസ്കരണ പ്ലാന്റ് നോക്കുകുത്തി

ഗ്രാമ പഞ്ചായത്തിന് സ്വന്തമായി മാലിന്യ സംസ്കരണ പ്ലാന്റ് ഉണ്ടായിരുന്നെങ്കിലും പ്രദേശവാസികൾ സമര പരിപാടികളുമായി രംഗത്തിറങ്ങിയതോടെ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ മാലിന്യ സംസ്കരണം തീരാതലവേദനയായി മാറി.ഇതിന്പുറമേയാണ് മറ്റ് സ്ഥലങ്ങളിൽ നിന്ന് മാലിന്യം തള്ളുന്നത്.

വരും ദിവസങ്ങളിലും പരിശോധന തുടരും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും ഗ്രാമ പഞ്ചായത്ത് അധികൃതർ

Advertisement
Advertisement