കരുനാഗപ്പളളി - പുനലൂർ പാത സാദ്ധ്യമായാൽ സാദ്ധ്യതകളേറെ

Thursday 25 November 2021 12:10 AM IST

കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യാത്രകൾക്ക് വേഗതയേകാൻ പുതിയ പാതയ്ക്ക് സാദ്ധ്യത തെളിയുന്നു. കരുനാഗപ്പള്ളിയിൽ നിന്ന് തുടങ്ങി പുതിയകാവ്, ചക്കുവള്ളി, മലനട, കടമ്പനാട്, മണ്ണടി, ഏനാത്ത്, പട്ടാഴി, പറങ്കിമാമുകൾ, പനംപട്ട, കമുകുംചേരി, കാര്യറ വഴി പുനലൂരിലെത്തുന്ന പാത യാഥാർത്ഥ്യമായാൽ കിഴക്കൻ മേഖലയിലുള്ളവർക്ക് വേഗത്തിൽ കരുനാഗപ്പള്ളിയിലെത്താം. പുനലൂരിലും മറ്റ് കിഴക്കൻ പ്രദേശങ്ങളിലുമുള്ളവർ കരുനാഗപ്പള്ളിയിലെത്താൻ ആശ്രയിക്കുന്നത്

നിലവിൽ കൊട്ടാരക്കര, അടൂർ റോഡുകളെയാണ് ആശ്രയിക്കുന്നത്.

കരുനാഗപ്പള്ളിയും പുനലൂരും തമ്മിൽ ചരിത്രപരമായി വലിയ ബന്ധമാണുള്ളത്.

ചില റോഡുകൾ കൂട്ടിയിണക്കി വികസിപ്പിച്ചാൽ കരുനാഗപ്പള്ളി, അടൂർ, കുന്നത്തൂർ, പത്തനാപുരം, പുനലൂർ തുടങ്ങിയ താലൂക്കുകൾക്ക് ഒരുപോലെ പ്രയോജനം ലഭിക്കും. മലയോര ഹൈവേയും പുനലൂർ - മൂവാറ്റുപുഴ മെയിൻ ഈസ്റ്റേൻ ഹൈവേയും യാഥാർത്ഥ്യമാകുമ്പോൾ കരുനാഗപ്പള്ളി - പുനലൂർ പാതയുടെ പ്രസക്തിയും വർദ്ധിക്കും. തീർത്ഥാടന കേന്ദ്രങ്ങളായ ഓച്ചിറ, മണ്ണടി, മലനട, പട്ടാഴി ക്ഷേത്രങ്ങളിലേക്കും കരുനാഗപ്പള്ളി ഷെയ്ഖ് മസ്ജിദ് കളമല, മയ്യത്തുംകര പള്ളികളിലേക്കും വിശ്വാസികൾക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയും. ഓച്ചിറ, കുളത്തൂപ്പുഴ, ആര്യങ്കാവ് ക്ഷേത്ര സന്ദർശനങ്ങളും

അയ്യപ്പഭക്തർക്ക് എളുപ്പമാകും.

ടൂറിസം മേഖലയ്ക്ക് ഗുണകരം

ടൂറിസം മേഖലയിൽ അഴീക്കൽ, വെള്ളാനാതുരുത്ത്, പാലരുവി, തെന്മല തുടങ്ങിയ പ്രദേശങ്ങൾക്കും പുതിയ പാത ഗുണകരമാകും. കൊല്ലം, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങൾക്ക് പുറമേ കരുനാഗപ്പള്ളിയുമായും തമിഴ്‌നാടിന് നേരിട്ട് വാണിജ്യബന്ധം പുലർത്താൻ പാത ഉപകരിക്കും. കരുനാഗപ്പള്ളി, പുനലൂർ നഗരങ്ങൾ തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടാനും സഹായകരമാകും. കരുനാഗപ്പള്ളി, പുനലൂർ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചാൽ കാര്യറ, പട്ടാഴി ഏനാത്ത് പ്രദേശങ്ങളിലെ യാത്രാദുരിതത്തിനും പരിഹാരമാകും.

കരുനാഗപ്പള്ളി - കായംകുളം -പുനലൂർ: 71കി.മീ

കരുനാഗപ്പള്ളി - കൊല്ലം - പുനലൂർ: 72 കി.മീ

പുതിയ പാത വന്നാൽ : 52 കി.മീ

പാത യാഥാർത്ഥ്യമായാൽ കൊട്ടാരക്കരയുടെയും കരുനാഗപ്പള്ളിയുടെയും വികസനത്തിന് ആക്കംകൂടും. പുതിയ പാതയുടെ സാദ്ധ്യത വ്യക്തമാക്കി കരുനാഗപ്പള്ളി, അടൂർ, പുനലൂർ മണ്ഡലങ്ങളിലെ ജനപ്രധിനിധികൾക്കും കൊല്ലം,​ ആലപ്പുഴ എം.പിമാർക്കും മന്തിമാർക്കും കരുനാഗപ്പള്ളി ഫേസ്ബുക്ക് കൂട്ടായ്മ നിവേദനം നൽകിയിട്ടുണ്ട്

റിയാസ് കളത്തൂട്ടിൽ, സെക്രട്ടറി,​ കരുനാഗപ്പളളി ഫോറം ആന്റ് ബ്രാൻഡ്

Advertisement
Advertisement