കൊമേഴ്സ്യൽ രജിസ്‌ട്രേഷനുകൾ ഓൺലൈൻ വഴി റദ്ദാക്കാമെന്ന് സൗദി
ജിദ്ദ : രാജ്യത്ത് കൊമേഴ്സ്യൽ രജിസ്‌ട്രേഷനുകൾ ഓൺലൈൻ വഴി റദ്ദാക്കാമെന്നും രജിസ്‌ട്രേഷൻ അവസാനിപ്പിക്കാൻ പ്രത്യേകം ഫീസോ പിഴകളോ അടക്കേണ്ടതില്ലെന്നും സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ തുടങ്ങുന്നതിനായി നേടുന്ന സി.ആർ അഥവാ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ നേരത്തെ ഓഫീസുകളിൽ നേരിട്ട് ചെന്നായിരുന്നു റദ്ദാക്കിയിരുന്നത്.പുതിയ രീതിയനുസരിച്ച് ഓൺലൈൻ വഴി എളുപ്പത്തിൽ അവസാനിപ്പിക്കാനാകും. ഓൺലൈൻ വഴി സാദ്ധ്യമാകാത്തവർക്ക് അതത് പ്രവശ്യകളിലെ വാണിജ്യ മന്ത്രാലയ ഓഫീസുമായി ബന്ധപ്പെട്ടാൽ മതി. ഇതിന് പ്രത്യേക ഫീസോ, കാലാവധി അവസാനിച്ചതിലുളള പിഴകളോ അടക്കേണ്ടതില്ല. രജിസ്‌ട്രേഷൻ റദ്ദാക്കിയതിന്റെ സർട്ടിഫിക്കറ്റ് മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴി ലഭിക്കും.സി.ആർ കാൻസൽ ചെയ്തതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഓൺലൈനായി നേടാം. എന്നാൽ ഇതിനായി അപേക്ഷിക്കുമ്പോൾ സി.ആറിൽ വിദേശ തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉണ്ടാകാൻ പാടില്ല. റദ്ദാക്കുന്നതിന് മുമ്പായി ബ്രാഞ്ച് സ്ഥാപനങ്ങളുടേയും രജിസ്‌ട്രേഷൻ അവസാനിപ്പിക്കേണ്ടതാണ്. കൂടാതെ ക്യാൻസൽ ചെയ്യാനുദ്ദേശിക്കുന്ന സി.ആറിന്റെ പേരിൽ നേടിയ മറ്റു ലൈസൻസുകളും റദ്ദ് ചെയ്യണം. സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയിൽ ഇടപാടുകൾ ബാക്കിയുണ്ടെങ്കിൽ അത് പൂർത്തിയാക്കിയിരിക്കുകയും വേണം.