മരങ്ങൾ മുറിച്ച് മാറ്റുന്നത് നാട്ടുകാർ തടഞ്ഞു

Thursday 25 November 2021 1:18 AM IST
വണ്ടാഴി സി.വി.എം സ്കൂളിന് മുന്നിൽ നടക്കുന്ന മരംമുറി

വടക്കഞ്ചേരി: വണ്ടാഴിയിൽ സി.വി.എം സ്‌കൂളിനു മുന്നിൽ പാതയോരത്തെ വൻമരങ്ങൾ കൂട്ടത്തോടെ മുറിച്ചുമാറ്റുന്നത് നാട്ടുകാർ തടഞ്ഞു. റോഡിലേക്ക് പടർന്ന് അപകടഭീഷണിയിലായ കൊമ്പുകൾ മുറിച്ചുനീക്കുന്നതിന്റെ മറവിൽ തടി ഉൾപ്പെടെ മുറിക്കുന്ന സ്ഥിതി ഉണ്ടായപ്പോഴാണ് ഇന്നലെ രാവിലെ നാട്ടുകാർ രംഗത്ത് വന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള എട്ട് മരങ്ങളുടെ കൊമ്പുകളാണ് മുറിക്കാൻ പി.ഡബ്ല്യു.ഡി ലേലം ചെയ്തിരുന്നത്. ഇതിലൊരു മരത്തിന്റെ തടിയും മുറിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ സംഘടിച്ച് പണികൾ തടഞ്ഞു.

പൊതുമരാമത്ത് അധികൃതരെത്തി നാട്ടുകാരുമായി സംസാരിച്ചെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല. റോഡിലേക്ക് അപകടഭീഷണിയിലായിട്ടുള്ള കൊമ്പുകൾ മുറിക്കാം. അതല്ലാതെ തടി മുറിച്ചുമാറ്റുന്ന സ്ഥിതി തുടർന്നാൽ തടയുമെന്ന നിലപാടിലാണ് നാട്ടുകാർ. വൈദ്യുതി ലൈനുകളെല്ലാം അഴിച്ചു മാറ്റി മൂന്നുദിവസമായി മരക്കൊമ്പുകൾ മുറിക്കുന്ന പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്.