പൊലീസ് ഉദ്യോഗസ്ഥർ കരുണ കാണിച്ചിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് മോഫിയയുടെ മാതാവ്, സമരം തു‌ടർന്ന് കോൺഗ്രസ്

Thursday 25 November 2021 6:49 AM IST

ആലുവ: നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നടത്തുന്ന ആലുവ പൊലീസ് സ്‌റ്റേഷൻ ഉപരോധം രണ്ടാം ദിവസത്തിൽ. സി ഐ സുധീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

രാവിലെ പതിനൊന്ന് മണിക്ക് റൂറൽ എസ് പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. സി ഐ സുധീറിനെ സസ്‌പെൻഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അൻവർ സാദത്ത് എം എൽ എ പറഞ്ഞു. മരണത്തിന് മുൻപ് മോഫിയയ്ക്ക് നീതി കിട്ടിയില്ലെന്നും, ഇനിയെങ്കിലും നീതി കിട്ടണമെന്നും എം എൽ എ കൂട്ടിച്ചേർത്തു.

സമരം തുടരുന്ന നേതാക്കളെ കാണാൻ മോഫിയയുടെ മാതാവ് ആലുവ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് ഉദ്യോഗസ്ഥർ കരുണ കാണിച്ചിരുന്നെങ്കിൽ മകൾ ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് മാതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

മോഫിയയുടെ ആത്മഹത്യാ കുറിപ്പിൽ തന്നോട് മോശമായി പെരുമാറിയ സി ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളരെ മോശമായാണ് സി ഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്നും മോഫിയയുടെ പിതാവും പറഞ്ഞിരുന്നു.

Advertisement
Advertisement