മോഫിയയുടെ ആത്മഹത്യ; പൊലീസിനെതിരെ പ്രതിഷേധം ശക്തം, കോൺഗ്രസ് മാർച്ചിൽ സംഘർഷം, ഹൈബി ഈഡൻ എംപിക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

Thursday 25 November 2021 12:07 PM IST

ആലുവ: നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ പ്രതിഷേധം ശക്തം. സംഭവത്തിൽ ആരോപണവിധേയനായ സി ഐ സുധീറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആലുവ എസ് പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

പ്രതിഷേധക്കാർ ബാരിക്കേട് തള്ളിമാറ്റാൻ ശ്രമിച്ചു. പൊലീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഹൈഡി ഈഡൻ എംപി ഉൾപ്പടെയുള്ളവർക്ക് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

അതേസമയം മോഫിയയുടെ ഗാർഹിക പീഡന പരാതിയിൽ കേസെടുക്കുന്നതിൽ സി ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഒക്ടോബർ 29നാണ് മോഫിയ പരാതി നൽകിയത്. യുവതി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസെടുത്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മോഫിയയോട് സുധീർ മോശമായി പെരുമാറിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.