'മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ല'; സംസ്ഥാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും മദ്യശാലയ്‌ക്ക് മുന്നിലൂടെ പോകാനാവാത്ത അവസ്ഥയെന്ന് ഹൈക്കോടതി

Thursday 25 November 2021 4:21 PM IST

കൊച്ചി: സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. മദ്യവിൽപനശാലകളുടെ സൗകര്യം വർ‌ദ്ധിപ്പിക്കണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും വി.എം സുധീരന്റെ ഹർജിയിൽ കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്‌നം. മദ്യശാലകളുടെ മുന്നിലൂടെ സ്‌ത്രീകൾക്കും കുട്ടികൾക്കും പോകാനാവാത്ത അവസ്ഥയാണ് സംസ്ഥാനത്തെന്നും കോടതി അഭിപ്രായപ്പെട്ടു.

ഒരാൾ മദ്യപിക്കരുതെന്ന് പറയാൻ കോടതിയ്‌ക്കാവില്ല. അങ്ങനെചെയ്‌താൽ അവർ മ‌റ്റ് ലഹരിയിലേക്ക് പോകാം. കോടതി നിർദ്ദേശത്തിന്റെ മറവിൽ സർക്കാർ‌ 175 പുതിയ ഔട്ട്ലെ‌റ്റുകൾ തുറക്കാൻ ആലോചിക്കുന്നെന്ന് വി.എം സുധീരൻ ഹർജിയിൽ അറിയിച്ചിരുന്നു. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ മുൻപ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സുധീരന്റെ ഹർജി. സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാനുള‌ള നടപടിയാണ് വേണ്ടതെന്നും ഹർജിയിൽ പറയുന്നു.

സമൂഹത്തിന്റെ പൊതു അന്തസിനെ കരുതി വിഷയത്തിലിടപെടുന്ന കോടതി ഭാവി തലമുറയെ കരുതിയാണ് ഈ വിഷയത്തിൽ ഇടപെട്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം പുതിയ മദ്യശാലകൾക്കായി തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു. മദ്യശാലകളിലെ തിരക്ക് കുറയ്‌ക്കാനാണ് മദ്യശാലകളുടെ എണ്ണം കൂട്ടാൻ ശുപാർശ ചെയ്‌തതെന്നും കോടതിയിൽ അദ്ദേഹം വ്യക്തമാക്കി.