മോഫിയയുടെ സഹപാഠികളെ പൊലീസ് വിട്ടയച്ചത് 'കൈപൊള്ളുമെന്ന്' വ്യക്തമായതോടെ, ഭാവി കളയുമെന്ന് ഏമാന്മാരുടെ വക ഭീഷണി

Thursday 25 November 2021 6:47 PM IST

ആലുവ: പ്രതിഷേധം കനത്തതോടെ, ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ സഹപാഠികളായ വിദ്യാര്‍ത്ഥികളെ പൊലീസ് വിട്ടയച്ചു. എസ്.പിക്ക് പരാതി നല്‍കാന്‍ എത്തിയപ്പോൾ കസ്റ്റഡിയിലെടുത്ത പെൺകുട്ടികൾ ഉൾപ്പടെയുള്ള 17 വിദ്യാർത്ഥികളെയാണ് വിട്ടയച്ചത്.

മോഫിയയുടെ ആത്മഹത്യയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി എത്തിയ വിദ്യാർത്ഥികളെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ എസ്.പി ഓഫീസില്‍ നേരിട്ടെത്തി മോഫിയ വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

തുടർന്ന് അവര്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യം ഇവരെ എ.ആര്‍.ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് എടത്തല സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.പൊലീസ് കസ്റ്റഡിയിൽ വിദ്യാർത്ഥികൾ പ്രതിഷേധം തുടരുകയും പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെ വിദ്യാർത്ഥികളെ വിട്ടയയ്ക്കുകായിരുന്നു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു കസ്റ്റഡിയിലെടുത്തതെന്നും ക്രിമിനലുകളോടെന്നപോലെയാണ് പെരുമാറിയതെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. സമരം ചെയ്യാന്‍ നിങ്ങളാരാണെന്നും ഭാവി കളയുമെന്ന് പാെലീസ് ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.