പ്രതികളുമായി ഒത്തുകളിച്ച് പൊലീസ്, സ്ത്രീസുരക്ഷ പേരിൽ മാത്രം

Friday 26 November 2021 2:39 AM IST

തിരുവനന്തപുരം: ഗാർഹിക-സ്ത്രീധന പീഡനങ്ങൾ നേരിടുന്നവർ മിസ് കാൾ ചെയ്താൽ പൊലീസ് അന്വേഷിച്ചെത്തുമെന്ന് ഡി.ജി.പി പ്രഖ്യാപിച്ച് ആറുമാസം തികയും മുമ്പാണ് ഗാർഹികപീഡന പരാതി നൽകി 25 ദിവസം കാത്തിരുന്നിട്ടും നീതികിട്ടാതെ ആലുവയിലെ നിയമവിദ്യാർത്ഥി മോഫിയയ്ക്ക് ജീവനൊടുക്കേണ്ടി വന്നത്. സ്ത്രീകളുടെ പരാതികിട്ടിയാൽ 24 മണിക്കൂറിനകം കേസെടുത്തിരിക്കണമെന്നാണ് സർക്കാർ ഉത്തരവ്. ഇത്തരം പരാതികളിൽ ഗാർഹിക പീഡന നിരോധന നിയമം ചുമത്തി കേസെടുക്കാനല്ലാതെ ഒത്തുതീർപ്പിന് പൊലീസിന് അധികാരമില്ലെന്നിരിക്കെയാണ് പ്രതികളെ രക്ഷിക്കുന്നത് തുടർക്കഥയാവുന്നത്.

പ്രതികൾക്ക് ബന്ധമുള്ള പ്രാദേശിക പാർട്ടി നേതാവിന്റേത് ഉൾപ്പെടെയുള്ള ഇടപെടലിൽ എസ്.എച്ച്.ഒമാർ പീഡനത്തിന് ഇരകളായെത്തുന്നവരുടെ പരാതിയിൽ നടപടി എടുക്കാതിരിക്കുകയും കൗണ്ടർ പെറ്റിഷൻ വാങ്ങി ഇരകൾക്കെതിരെ കേസെടുക്കുന്ന നിയമവിരുദ്ധവും ക്രൂരവുമായ നടപടിയാണ് പലയിടത്തും അരങ്ങേറുന്നത്. അഭിമാനത്തിന് ക്ഷതമേൽക്കുന്ന ഇരകൾ നിസ്സഹായരാവുകയും ആശയറ്റ അവസ്ഥയിൽ ജീവനൊടുക്കുകയുമാണ് ചെയ്യുന്നത്.

വീട്ടിലും പുറത്തും സ്ത്രീകളുടെ സുരക്ഷയ്ക്കായി നിരവധി പദ്ധതികളാണ് പൊലീസിനുള്ളത്. പൊലീസ് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്ന പിങ്ക് ബീറ്റ് മുതൽ പൊതുസ്ഥലത്തെ പിങ്ക് പട്രോൾ വരെയുണ്ട്. എന്നാൽ, സ്റ്റേഷനുകളിലെത്തി പരാതിനൽകിയാൽ പോലും ഫലമില്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. ഭർത്താവ് മർദ്ദിച്ചെന്ന പരാതി പൊലീസ് ഒതുക്കിത്തീർത്തതിന് പിന്നാലെയാണ് കൊല്ലത്തെ വിസ്‌മയ ജീവനൊടുക്കിയത്. ഭർത്താവിന്റെയും ഭർത്തൃവീട്ടുകാരുടെയും ക്രൂരപീഡനത്തെക്കുറിച്ച് മൂന്നുവട്ടം പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ് ഒത്തുതീർപ്പ് നടത്തിയതിനെത്തുടർന്നാണ് പയ്യന്നൂരിൽ 26കാരി സുനിഷ ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുമെന്ന് മകൾ പറഞ്ഞതായി സുനിഷയുടെ അമ്മ പരാതിനൽകിയിട്ടും പൊലീസ് വകവച്ചില്ല.

ഗാർഹികപീഡന പരാതികളിൽ എഫ്.ഐ.ആർ വൈകിപ്പിക്കരുതെന്നും പരാതി അന്വേഷിക്കാതിരിക്കരുതെന്നും മുഖ്യമന്ത്രി കർശനനിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായില്ല. ആത്മഹത്യകളുണ്ടാവുമ്പോഴുള്ള ചില പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങും സ്ത്രീസുരക്ഷ. സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ ആഴ്ചയിലൊരിക്കൽ എസ്.പിമാരുടെ അദാലത്ത് ജൂലായിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.

11,124

ഇക്കൊല്ലം സ്ത്രീകൾക്കെതിരായ അതിക്രമത്തിന് രജിസ്റ്റർ ചെയ്ത കേസുകൾ

3252

ഗാർഹിക പീഡനക്കേസുകൾ, പ്രതികൾ ഭർത്താവും ഭർത്തൃവീട്ടുകാരും

39

സ്ത്രീകളാണ് 4 വർഷത്തിനിടെ സ്ത്രീധനപീഡനം കാരണം ജീവനൊടുക്കി. ഇക്കൊല്ലം എട്ടുപേർ

1,660

സ്ത്രീപീഡനക്കേസുകൾ സെപ്തംബർ വരെ രജിസ്റ്റർ ചെയ്തത്

Advertisement
Advertisement