ശബരിമല ഹബിൽ മെഡിക്കൽ എയിഡ് പോസ്റ്റ്

Friday 26 November 2021 12:21 AM IST

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ശബരിമല ഹബിൽ സ്വാമിമാർക്ക് പ്രാഥമിക ചികിത്സയ്ക്ക് മെഡിക്കൽ എയിഡ് പോസ്റ്റ് നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് എയിഡ് പോസ്റ്റ് തുറക്കുന്നത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന മെഡിക്കൽ എയിഡ് പോസ്റ്റിൽ ഒരേ സമയം രണ്ട് നഴ്സുമാരുടെ സേവനം ഉണ്ടാകുമെന്ന് ആശുപത്രി ചെയർമാൻ പ്രൊഫ. ടി.കെ.ജി നായർ പറഞ്ഞു. രക്തസമ്മർദ്ദം, ഷുഗർ തുടങ്ങിയവ പരിശോധിക്കുന്നതിന് സംവിധാനവും ആംബുലൻസ് സർവീസുമുണ്ടാകും. താൽക്കാലിക വിശ്രമ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിശദമായ പരിശോധന ആവശ്യമുള്ളവരെ ആംബുലൻസിൽ ഏറ്റവും അടുത്ത ആശുപത്രിയിലെത്തിക്കും.

കെ.എസ്.ആർ.ടി.സി ടെർമിനലിൽ പ്രധാന വാതിലിന് സമീപത്തായാണ് മെഡിക്കൽ എയിഡ് പോസ്റ്റിന് മുറി അനുവദിച്ചിരിക്കുന്നത്.