താമസിയാതെ വരും പുത്തൻ പ്ലാന്റ്

Friday 26 November 2021 12:30 AM IST

പ്ലാന്റ് മൂലം കൊച്ചി കോർപ്പറേഷനുണ്ടായ നഷ്ടം: 90 കോടി

കരാറുകാരന് നൽകിയത് : 35 കോടി

ബയോമൈനിംഗ് ചെലവ് : 55 കോടി

കൊച്ചി: ബ്രഹ്മപുരത്തെ ആധുനിക പ്ളാന്റ് നിർമ്മാണം വൈകാതെ ആരംഭിക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ചിരിക്കുകയാണ് നാട്ടുകാർ. പ്ലാന്റിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന ന്യായം പറഞ്ഞ് മാലിന്യപ്രശ്നങ്ങളിൽ നിന്ന് മുൻ വർഷങ്ങളിൽ അധികൃതർ തലയൂരി. എന്നാൽ ഇത്തവണ അതു നടക്കുമെന്നാണ് വിശ്വാസം. വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാനായി 2016ൽ ജി.ജെ ഇക്കോ പവർ ലിമിറ്റഡുമായി കോർപ്പറേഷൻ കരാർ ഒപ്പുവച്ചിരുന്നെങ്കിലും പദ്ധതി നടക്കാത്തതിനെ തുടർന്നു സർക്കാർ അനുമതി റദ്ദാക്കി പുതിയ ടെൻഡർ ക്ഷണിച്ചു. ബ്രഹ്മപുരത്ത് വർഷങ്ങളായി കെട്ടികിടക്കുന്ന മാലിന്യം ബയോ മൈനിംഗ് നടത്തി സംസ്‌കരിക്കാൻ ബെംഗളൂരു ആസ്ഥാനമായ സോൺറ്റ ഇൻഫ്രാടെക്കിന് ആണ് കരാർ. ജോലികൾ അടുത്ത മാസം ആരംഭിക്കും. മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുടെ കരാറും സോൺറ്റ ഇൻഫ്രാടെക്കിനാണു സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളത്.

 പ്ലാന്റിലേക്ക് എത്തിക്കുന്ന ഓരോ ടൺ മാലിന്യത്തിനും 3550 രൂപ ടിപ്പിംഗ് ഫീസായി കോർപ്പറേഷൻ കമ്പനിക്കു നൽകണം.

വയബിലിറ്റി ഗ്യാപ് ഫണ്ടായി 102.09 കോടി രൂപ സർക്കാർ പദ്ധതിക്കായി ലഭ്യമാക്കും.

ബ്രഹ്മപുരത്ത് ഏകദേശം 5.52 ലക്ഷം ഘനമീറ്റർ മാലിന്യം കെട്ടിക്കിടക്കുന്നുവെന്നാണ് കണക്ക്

ഇത് ബയോമൈനിംഗിലൂടെ സംസ്കരിക്കുന്നതിന് 54.90 കോടി രൂപയ്ക്കാണ് കരാർ. ഘനമീറ്ററിന് 1155 രൂപ നിരക്കിലാണു സംസ്കരണ ചെലവ്

 ആധുനിക പ്ളാന്റ്

ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (ഡി.ബി.എഫ്.ഒ.ടി) വ്യവസ്ഥയിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണു ബ്രഹ്മപുരത്തെ 20 ഏക്കർ ഭൂമിയിൽ 300 ടൺ പ്രതിദിന ശേഷിയുള്ള വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെ.എസ്‌.ഐ.ഡി.സി) നോഡൽ ഏജൻസി. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി 27 വർഷത്തെ പാട്ടത്തിനു കെ.എസ്‌.ഐ.ഡി. സിക്കു കൈമാറും. പദ്ധതിക്കു പണം കണ്ടെത്താനായി സ്വകാര്യ കമ്പനിക്ക് ഈ ഭൂമി പണയം വയ്ക്കാനുള്ള അനുമതിയോടെയാണു കൈമാറ്റം.

(അവസാനിച്ചു)​

Advertisement
Advertisement