ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമെന്ന് കെ. സുധാകരൻ

Thursday 25 November 2021 11:35 PM IST

തിരുവനന്തപുരം: ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച് സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത വനിതകളുടെ രാത്രി നടത്തം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോപണവിധേയനായ സി.ഐയെ പൊലീസ് ആസ്ഥാനത്ത് കുടിയിരുത്തിയപ്പോൾ തന്നെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായി. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പെന്നു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സർക്കാരിന്റെ കീഴിൽ കേരളത്തിലെമ്പാടും സ്ത്രീകളുടെ നിലവിളിയാണ് ഉയരുന്നത്. സർക്കാർ തെറ്റുതിരുത്തിയില്ലെങ്കിൽ കേരളം സമരഭൂമികയായി മാറുമെന്ന് സുധാകരൻ പറഞ്ഞു.


കെ.പി.സി.സി ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച് മ്യൂസിയത്തിനടുത്ത് കെ. കരുണാകരന്റെ പ്രതിമയ്ക്കു മുന്നിൽ രാത്രി നടത്തം സമാപിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ദീപ്തിമേരി വർഗീസ്,അലിപ്പറ്റ ജമീല, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement