'മുറ്റത്തെ മുല്ല'യുടെ പേരുദോഷം മാറുമോ?​

Friday 26 November 2021 12:13 AM IST

 പദ്ധതിയിൽ ചേരാൻ മടിച്ച് കുടുംബശ്രീ അംഗങ്ങൾ

കൊല്ലം: കൊള്ളപ്പലിശക്കാരിൽ നിന്ന് വീട്ടമ്മമാരെ രക്ഷിക്കാൻ, കുടുംബശ്രീ അംഗങ്ങൾക്കു വേണ്ടി സംസ്ഥാന സർക്കാർ നടപ്പാക്കിയ 'മുറ്റത്തെ മുല്ല' പദ്ധതിയിൽ ചേരാൻ പലർക്കും വിമുഖത!

1,000 മുതൽ 25,000 രൂപ വരെ ഓരോ കുടുംബശ്രീ അംഗത്തിനും കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്ന പദ്ധതിയിൽ അംഗങ്ങൾ പരസ് പര ജാമ്യവ്യവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ മണിലെൻഡേഴ്‌സ് സർവേ സംഘടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സഹകരണ മേഖലയുമായി കൈകോർത്ത് കൂടുതൽ പേർക്ക് ആശ്വാസമേകുന്ന നിലയിൽ പദ്ധതി വിപുലപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം മന്ത്റി എം.വി. ഗോവിന്ദൻ പറഞ്ഞെങ്കിലും കൃത്യമായ അവബോധം പലർക്കുമില്ലെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.

സംസ്ഥാന ശരാശരി അനുസരിച്ച് ഒരു കുടുംബശ്രീ അംഗം 13,000 രൂപ മാത്രമാണ് വായ്പയായി സ്വീകരിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ഗുണകരമായ പദ്ധതിയാണെങ്കിലും പല കുടുംബശ്രീ യൂണിറ്റുകൾക്കും താത്പര്യമില്ല. സഹകരണബാങ്കുകൾ വഴിയുള്ള വായ്പ സംവിധാനമാണെങ്കിലും സാധാരണക്കാരായ കുടുംബശ്രീ അംഗങ്ങളിൽ പലരും വായ്പയ്ക്കായി ആഴ്ചപ്പലിശക്കാരെയും മറ്റും ആശ്രയിക്കുന്ന സാഹചര്യമുണ്ട്.

....................................

# അടവ് മുടങ്ങിയാലും അറിയില്ല

പരസ്പര ജാമ്യത്തിലാണ് കുടുംബശ്രീ ഗ്രൂപ്പ് അംഗങ്ങൾക്ക് മുറ്റത്തെമുല്ല വായ്പ അനുവദിക്കുന്നത്. ഗ്രൂപ്പിലെ ഒരാൾ വായ്പ തിരിച്ചടവ് മുടക്കിയാൽ തുടർന്നുള്ള ഗ്രൂപ്പ് യോഗങ്ങളിൽ ആ അംഗം പേരുദോഷം കേൾക്കേണ്ടിവരും. ഇത് ഒഴിവാക്കാൻ മറ്റ് പലിശക്കാരിൽ നിന്ന് വായ്പയെടുക്കാനാണ് സ്ത്രീകളിൽ പലരും താത്പര്യപ്പെടുന്നത്. തിരിച്ചടവ് മുടങ്ങിയാലും മറ്റാരും അറിയില്ല.

...........................................................

# മുറ്റത്തെ മുല്ല പദ്ധതി

1. വീട്ടമ്മമാരെ അമിത പലിശയിൽനിന്ന് ഒഴിവാക്കാനുള്ള പദ്ധതി

2. ആരംഭിച്ചത് 2018ൽ പാലക്കാട് ജില്ലയിൽ

3. ലഘുവായ്പകൾക്ക് കുറഞ്ഞ പലിശ നിരക്ക്

4. 1000 മുതൽ 25,000 രൂപവരെ വായ്പ

5. 1000 രൂപയ്ക്ക് ഒരു വർഷം കൊണ്ട് 1120 രൂപ തിരിച്ചടവ്

6. 10 ആഴ്ചകൊണ്ട് തിരിച്ചടവ് നടത്താൻ കഴിയുന്ന വായ്പയും ലഭ്യം

7. ആഴ്ച തോറും വീടുകളിലെത്തി തിരിച്ചടവ് സ്വീകരിക്കും

# സംസ്ഥാനത്തെ കണക്ക്

 ഈ വർഷം വിതരണം ചെയ്ത വായ്പ: ₹ 535.65 കോടി

 വായ്പ ലഭിച്ച കുടുംബങ്ങളുടെ എണ്ണം: 39,195

 സഹകരിച്ച സഹകരണ ബാങ്കുകൾ: 586

Advertisement
Advertisement