ഫസല്‍ വധത്തിൽ ആർ എസ് എസുകാരെ പ്രതിയാക്കിയില്ല, മുൻ ഐ പി എസ്  ഓഫീസർക്ക് സി പി എമ്മിന്റെ 'സമ്മാനം', കുടുംബം പുലർത്താൻ സെക്യൂരിറ്റി പണി ചെയ്യുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

Friday 26 November 2021 12:25 AM IST

കൊച്ചി: ഭരണപക്ഷത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി കൊലപാതക കേസ് സത്യസന്ധമായി അന്വേഷിച്ച മുൻ ഐ പി എസ് ഓഫീസർ കുടുംബം പുലർത്താൻ വഴിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലിചെയ്യുന്നു. കോളിളക്കം സൃഷ്ടിച്ച കണ്ണൂരിലെ ഫസല്‍ വധക്കേസില്‍ സിപിഎമ്മിന് അനുകൂലമായി അന്വേഷണം നടത്താത്തതിനാണ് കേരള ആംഡ് പൊലീസ് ഫിഫ്ത് ബറ്റാലിയന്‍ കമാന്‍ഡന്റായി വിരമിച്ച കെ രാധാകൃഷ്ണന് ഈ ദുർഗതി ഉണ്ടായത്. ഇക്കഴിഞ്ഞ ഏപ്രിൽ മുപ്പതിന് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചെങ്കിലും പെൻഷൻ ഉൾപ്പടെയുള്ള ഒരു ആനുകൂല്യവും രാധാകൃഷ്ണന് ഇതുവരെ ലഭിച്ചിട്ടില്ല. ജീവന് ഭീഷണിയുള്ളതിനാൽ മറ്റൊരു സംസ്ഥാനത്ത് ആരുടെയും ശ്രദ്ധയിൽപ്പെടാതെ ജോലിചെയ്യുകയാണ് അദ്ദേഹം ഇപ്പോൾ. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസാണ് രാധാകൃഷ്ണന്റെ ദുരവസ്ഥ വെളിച്ചത്തുകൊണ്ടുവന്നത്.

തുറന്നു പറയുന്നു

ഫസൽ വധക്കേസാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നാണ് രാധാകൃഷ്ണൻ പറയുന്നത്. 2006 ഒക്ടോബര്‍ 22 നാണ് ഫസല്‍ കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് എന്‍ ഡി എഫി ല്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു കൊലപാതകം. അന്ന് കണ്ണൂര്‍ ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയില്‍ ഡിവൈഎസ്പിയായിരുന്നു രാധാകൃഷ്ണൻ. കണ്ണൂര്‍ ഡിഐജിയായിരുന്ന ആനന്ദകൃഷ്ണന്‍, ഫസല്‍ വധം അന്വേഷിക്കാനായി 20 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.തെളിയാതെ കിടന്ന നിരവധി കേസുകൾ അന്വേഷണ മികവുകൊണ്ട് തെളിയിച്ചതിനാൽ അന്വേഷണ സംഘത്തലവനായി രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.

ഫസല്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് അക്രമത്തിനെതിരെ സി പി എം പ്രതിഷേധ യോഗം നടത്തി. അന്നത്തെ പാര്‍ട്ടി ഏരിയാ സെക്രട്ടറി കാരായി രാജന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരായ നാലുപേരാണ് കൊലപാതകത്തിന് പിന്നിലെന്ന് ആ യോഗത്തില്‍ പ്രസംഗിച്ചു. ഇതേത്തുടര്‍ന്ന് ഈ നാലുപേരെയും പ്രത്യേക സംഘം വിളിച്ച് മൊഴിയെടുത്തു. ഒപ്പം ഫസൽ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള ഇവരുടെ എല്ലാ കാര്യങ്ങളും പരിശോധിച്ചു. അതോടെ ഇവര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് വ്യക്തമായി.

ഫസല്‍ വധത്തിന് രണ്ടു ദിവസത്തിന് ശേഷം അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് ഏഴു ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടിയ ആർഎസ്എസ് പ്രവർത്തകരെ പങ്കില്ലെന്ന് കണ്ട് മോചിപ്പിച്ചു. ഇത് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്റെ അടുത്ത അനുയായി കലേഷ് എന്നയാള്‍, ഫസല്‍ കൊല്ലപ്പെട്ട സമയത്ത് കാരായി രാജനെ ഫോണില്‍ വിളിച്ചതായി കണ്ടെത്തി. ഇതിന് തൊട്ടുപിന്നാലെ സിപിഎം തലശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ ഫോണില്‍ നിന്നും തലശേരിയിലെ മൂന്ന് ആശുപത്രികളിലേക്കും ഫോണ്‍ വിളികള്‍ പോയതായും കണ്ടെത്തി.

ഇതിന് രണ്ടു ദിവസത്തിന് ശേഷം കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് എന്താണ് ഉദ്ദേശ്യമെന്ന് ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുന്നുണ്ടെങ്കില്‍, അതിന് മുമ്പ് തന്റെ അനുവാദം വാങ്ങണമെന്നും കോടിയേരി നിര്‍ദ്ദേശിച്ചു. ഇതോടെ അന്വേഷണം ഏറക്കുറെ നിലച്ച മട്ടായി. പത്തു ദിവസത്തിന് ശേഷം രാധാകൃഷ്ണനെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നും മാറ്റുകയും, പ്രത്യേക സംഘം പിരിച്ചുവിട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.

തുർടന്നും സി പി എം വേട്ടയാടിക്കൊണ്ടിരുന്നു. 2006 ഡിസംബര്‍ 15 ന് സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് ഒന്നര വര്‍ഷത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. അതിനിടെ ചില ആരോപണങ്ങൾ ഉന്നയിച്ച് സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ഐപിഎസ് ലഭിച്ചതിന് ശേഷം 2016 ല്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. നാലര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തിരികെ സര്‍വീസില്‍ കയറിയത്. തുടര്‍ന്ന് കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റായി നിയമിക്കപ്പെട്ടു. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പുപോലും അച്ചടക്ക നടപടിയെടുക്കുന്നതായി കാണിച്ച് മെമ്മോ ലഭിച്ചു. റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള പാർട്ടിയുടെ നടപടിയായിരുന്നു ഇത്.

റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തതിനാല്‍ കുടുംബം കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്. ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന മകള്‍ ഹോസ്റ്റല്‍ ഫീസ് കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ട്ട് ടൈം ആയാണ് പഠിക്കുന്നത്. മകന്റെ സിവില്‍ സര്‍വീസ് കോച്ചിംഗ് പണമില്ലാത്തതിനാൽ അവസാനിപ്പിച്ചു.കേസുകള്‍ നടത്തുന്നതിനായി കുടുംബ സ്വത്തുകള്‍ വിറ്റു. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ വീട് ബാങ്കുകാര്‍ ജപ്തി ചെയ്തുവെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Advertisement
Advertisement