തമിഴ്നാട്ടിൽ ഒരു കിലോ തക്കാളിക്ക് 67 രൂപ, കേരളത്തിലെത്തുമ്പോൾ വില നൂറ് കടക്കും; പച്ചക്കറി വില കൂടുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങൾ

Friday 26 November 2021 10:11 AM IST

തിരുവനന്തപുരം: കേരളം പ്രധാനമായും പച്ചക്കറിക്ക് ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. നിലവിൽ സംസ്ഥാനത്ത് പച്ചക്കറിയുടെ വിലവർദ്ധനവിന് കാരണവും തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി സംഭവിച്ച രണ്ട് മാറ്റങ്ങളാണ്. തമിഴ്നാട്ടിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ കിലോയ്ക്ക് 66 മുതൽ 70 രൂപയ്ക്ക് വരെ ലഭിക്കുന്ന തക്കാളിയാണ് കേരളത്തിൽ എത്തുമ്പോൾ 120 രൂപ വരെ ഉയരുന്നത്. കഴിഞ്ഞ ദിവസം തേനിയിലെ മൊത്ത വ്യാപാര കേന്ദ്രത്തിൽ 15 കിലോയുടെ തക്കാളി പെട്ടി വിറ്റുപോയത് 1000 രൂപയ്ക്കാണ് - അതായത് കിലോയ്ക്ക് 67 രൂപ. വെറും 20 ദിവസം കൊണ്ടാണ് പച്ചക്കറി വില കുത്തനെ ഉയർന്നത്.

പച്ചക്കറിയുടെ ഉത്പാദനം കുറഞ്ഞതാണ് പ്രധാനമായും വില ഉയരാൻ കാരണം. കേരളത്തിൽ പ്രധാനമായും പച്ചക്കറി എത്തുന്നത് തമിഴ്നാട്ടിലെ തേനി മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ നിന്നാണ്. ഇവിടെ എത്തുന്ന പച്ചക്കറിയുടെ അളവ് കഴിഞ്ഞ ഏതാനും ദിവസമായി തീരെ കുറഞ്ഞിട്ടുണ്ട്. കനത്ത മഴയത്ത് പൂവെല്ലാം കൊഴിഞ്ഞു പോയതാണ് തമിഴ്നാട്ടിലെ പച്ചക്കറി ഉത്പാദനം കുറയാൻ പ്രധാന കാരണം. കഴിഞ്ഞ മാസം തുടക്കം വരെ തേനി മാർക്കറ്റിൽ ഒരു ദിവസം 1000 പെട്ടി തക്കാളി എത്തുമായിരുന്നുവെങ്കിൽ കഴിഞ്ഞയാഴ്ച എത്തിയത് വെറും 200 പെട്ടിയിൽ താഴെയാണ്. സ്വാഭാവികമായും അളവ് കുറയുന്നതിനനുസരിച്ച് വിലയും കൂടും.

ഉത്പാദനം കുറഞ്ഞതിനു പുറമേ തമിഴ്നാട്ടിൽ പച്ചക്കറി ഉപഭോഗം വർദ്ധിച്ചതും വില വർദ്ധനവിന് മറ്റൊരു കാരണമാണ്. കേരളത്തിൽ ശബരിമല സീസൺ ആരംഭിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലെ നിരവധി പേർ മാംസാഹാരം ഉപേക്ഷിച്ചത് സംസ്ഥാനത്ത് പച്ചക്കറിയുടെ ഉപയോഗം വർദ്ധിപ്പിച്ചു. തമിഴ്നാട്ടിലെ ആവശ്യത്തിന് പോലും മതിയായ പച്ചക്കറി ഉത്പാദിപ്പിക്കാൻ ചില ആഴ്ചകളിൽ അവർക്ക് സാധിച്ചിട്ടില്ലെന്ന് തേനി മാർക്കറ്റിലെ കച്ചവടക്കാർ വെളിപ്പെടുത്തി. ഏതായാലും തമിഴ്നാട്ടിൽ പച്ചക്കറി ഉത്പാദനം പഴയ രീതിയിലാകാതെ വില കുറയാൻ പോകുന്നില്ല. അതുവരെ സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പ് വഴി തമിഴ്നാട്ടിലെയും കർണാടകയിലെയും കർഷകരിൽ നിന്ന് നേരിട്ട് വാങ്ങി വിൽപന നടത്തുന്നത് തുടരേണ്ടി വരും.