ബ്രസീലിനെതിരെ ചരിത്ര ഗോൾ നേടിയ ശേഷം പിന്നിലേക്ക് പോയി, തോൽവിയിലും തലയുയർത്തി ഇന്ത്യൻ വനിതകൾ

Friday 26 November 2021 10:54 AM IST

റിയോ ഡി ജനീറോ: ബ്രസീലിൽ നടക്കുന്ന ചതുർരാഷ്ട്ര വനിതാ ഫുട്ബാളിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. കരുത്തരായ ബ്രസീലിനോട് 1-6 നാണ് തോറ്റത്. രണ്ട് ഗോൾ അടിച്ച കെരോളി ഫെറസ് ആണ് ബ്രസീൽ നിരയിൽ തിളങ്ങിയത്. ദെബോറ ഒളിവേര, ജിയോവാന കോസ്റ്റ, അരിയഡിന ബോര്‍ജസ്, ഗെയ്‌സെ ഫെരൈറ എന്നിവർ ഓരോ ഗോളുകളും സ്വന്തമാക്കി. വനിതാ ലീഗിൽ കേരള ക്‌ളബായ ഗോകുലം കേരളയ്ക്കു വേണ്ടി കളിക്കുന്ന മനീഷയാണ് ഇന്ത്യയുടെ ആശ്വാസഗോള്‍ നേടിയത്.

മത്സരം ആരംഭിച്ച് 52ാം സെക്കൻഡിൽ തന്നെ ഒളിവേര ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാൽ എട്ടാം മിനിട്ടിൽ മനീഷ ഇന്ത്യക്കു വേണ്ടി സമനില ഗോൾ നേടി. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ദേശീയ ടീം ബ്രസീലിനെതിരെ ഗോൾ നേടുന്നത്. പ്യാരി ക്‌സാസ നൽകിയ പാസിൽ നിന്നുമാണ് മനീഷ ഇന്ത്യയുടെ ചരിത്ര ഗോൾ നേടിയത്. ബ്രസീലിന്റെ ആക്രമണത്തിനുള്ള പ്രത്യാക്രമണമായി ഇന്ത്യ നടത്തിയ മുന്നേറ്റത്തിൽ നിന്നുമാണ് മനീഷയുടെ ഗോൾ പിറക്കുന്നത്. വലതു വിങ്ങിലൂടെ ബ്രസീൽ താരം ഇന്ത്യൻ ബോക്സിലേക്ക് നൽകിയ ക്രോസ് ഇന്ത്യൻ പ്രതിരോധനിര ക്ലിയർ ചെയ്യുകയും പന്ത് പ്യാരിയുടെ കാൽക്കലെത്തുകയും ചെയ്തു. ഇന്ത്യയുടെ പകുതിയിൽ നിന്ന് തന്നെ പ്യാരിയിൽ നിന്നും ലോംഗ് പാസ് സ്വീകരിച്ച മനീഷ ഇടതുവിങ്ങിലൂടെ കുതിക്കുകയും ബ്രസീൽ ബോക്സിന് തൊട്ടടുത്ത് എത്തിയശേഷം ഷോട്ടെടുക്കുകയും ആയിരുന്നു.

സ്കോർ കാണിക്കുന്നതിന് വിപരീതമായി അവസാനം വരെ പൊരുതിയതിന് ശേഷമാണ് ഇന്ത്യൻ വനിതകൾ ബ്രസീലിന് മുന്നിൽ അടിയറവ് പറഞ്ഞത്. ലോക റാങ്കിംഗിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉൾപ്പെട്ട ബ്രസീലിനെ ആദ്യ പകുതിയിൽ 2-1ന് തളയ്ക്കാൻ കഴിഞ്ഞത് തന്നെ ഇന്ത്യൻ വനിതകളെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ഇന്ത്യയേയും ബ്രസീലിനേയും കൂടാതെ ചിലിയും വെനസ്വേലയുമാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ.

Advertisement
Advertisement