ഇത് കോൺഗ്രസിന്റെ വിജയം, സർക്കാർ ശ്രമിച്ചത് സി ഐ സുധീറിനെ സംരക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ്

Friday 26 November 2021 2:45 PM IST

കൊച്ചി: നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സി ഐ സുധീറിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിക്കാനും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാനും പ്രേരിപ്പിച്ചത് കോൺഗ്രസ് നടത്തിയ സമരം കാരണമാണെന്നും സർക്കാർ നടപടി സമരത്തിന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുന്നിൽ ബെന്നി ബെഹനാൻ എം പി, അൻവർ സാദത്ത് എം എൽ എ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലായിരുന്നു.

എറണാകുളത്തെ ജനപ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നുവെന്നും കേരളത്തിലെ സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് യു ഡി എഫും കോൺഗ്രസും സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി. മരിച്ച പെൺകുട്ടിക്ക് ഇപ്പോഴെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സി ഐയെ സസ്‌പെന്‍ഡ് ചെയ്തതായി എസ്‌ പി ഔദ്യോഗികമായി ഫോണില്‍ വിളിച്ചറിയിച്ചെന്നും ബെന്നി ബെഹനാന്‍ എം പി പറഞ്ഞു.

Advertisement
Advertisement