കവിത അമരഗീതം
സ്മൃതിനോവുകളിൽ
മൗനത്തിന്റെ തുള്ളി വീണുടഞ്ഞു. പന്ത്രണ്ടാം പേറ്റുനോവിലും പറയിമനം തിളച്ചു.
ചുരന്ന മുലയുടെ തിരപ്പെരുക്കം ഇളം ചുണ്ടുകൾ തികട്ടി. ഭൂത കാലത്തിന്റെ എക്കലുകളിൽ പഞ്ചമിയുടെ വാത്സല്യം പൊള്ളി. അറിയാതെ നാവൊരു ഖഡ്ഗമായ്.
കാറ്റ് ഓരിയിട്ടു പിളർന്ന വായ ചാപ്പ കുത്തി ചോരക്കീറ് നേർത്തു പാടായി.
കടമ്പഴിപ്പുറത്തു വായില്ലാക്കുന്നിലപ്പന്റെ ജീവപ്രതിഷ്ഠ! നിള പാടി… നാദബ്രഹ്മത്തിൽ വാഗ്ദത്ത ഭൂമി. പ്രപഞ്ചോന്മാദം മൊത്തിക്കുടിച്ച ദിവ്യൻ, ഭ്രാന്തനാണത്രേ! പുരാതന ഗന്ധം ചൊരുക്കുന്നു. സ്വത്വം പോയോർ ത്രിലോക പ്രഥിതയുടെ ചോരയൂറ്റുന്നു ചുടലത്തീ നക്കുന്നു. ഒച്ചച്ചീളുകൾ വികൃതമാകുന്നു
ആദിമ മതമധുര പ്രതിപുരുഷൻ വരരുചികേഴുന്നു ശ്രേഷ്ഠപുത്രാ വായില്ലാക്കുന്നിലപ്പാ… ഭുജിക്കുക കദളിപ്പഴം! ശക്തിപ്പൊരുൾ അറിയുന്നവൾ നിനക്ക് പോറ്റമ്മ! ആത്മജാ…! വിച്ഛേദിക്കുക മൗനം വധതന്ത്രി മുറുക്കി ശ്രുതിയകറ്റുന്ന ക്ഷുദ്രരെ രക്തപാശത്തിൽ കോർക്കുക. നിന്റെ തേജസ്സിൽ വാക്കുറപ്പിച്ചു. കുലത്തിന്റെ ജിഹ്വയിൽ വഹ്നി പടർത്തുക.
ബൗദ്ധിക മോക്ഷമായ് ജൈവസാരാംശ അർക്ക ദീപത്തിൽ, അമര ഗീതമായ് സ്നേഹം തൂവുക..!!