അട്ടപ്പാടിയിലെ ശിശുമരണം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ മൂന്ന് ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നുദിവസം പ്രായമായ ആൺകുഞ്ഞിന്റെ മരണമാണ് ഒടുവിൽ റിപ്പോർട്ടുചെയ്തത്. വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു - സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഗർഭിണികൾക്ക് വിദഗ്ദ്ധ ചികിത്സ കിട്ടുന്നില്ലെന്നാണ് മരിച്ച കുഞ്ഞിന്റെ ബന്ധുക്കളുടെ പരാതി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിയിട്ടും മതിയായ ചികിത്സ കിട്ടിയില്ലെന്നും ഇതാണ് കുഞ്ഞ് മരിക്കാൻ കാരണമായതെന്നും ബന്ധുക്കൾ ആരോപിച്ചു.
ഈ വർഷം ഇത് വരെ 10 കുട്ടികൾ മരിച്ചുവെന്നാണ് കണക്ക്. ആവശ്യത്തിനുളള ചികിത്സാ സംവിധാനങ്ങളുടെ അഭാവമാണ് ഇതിന് ഇടയാക്കുന്നതെന്നാണ് ആക്ഷേപം. ആദിവാസി ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു.