സമ്പാദ്യശീലം വളർത്താൻ കേരള ബാങ്കിന്റെ 'വിദ്യാനിധി"

Saturday 27 November 2021 3:31 AM IST

 പദ്ധതി 29ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 മിനിസ്റ്റേഴ്സ് ട്രോഫിക്കായി 'ബീ ദി നമ്പർ വൺ" കാമ്പയിൻ

തിരുവനന്തപുരം: കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക ലക്ഷ്യമിട്ടുള്ള കേരള ബാങ്കിന്റെ പ്രത്യേക നിക്ഷേപപദ്ധതിയായ 'വിദ്യാനിധി"യുടെ ഉദ്‌ഘാടനം 29ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു. മസ്കറ്റ്‌ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവരും പങ്കെടുക്കും.
ബാങ്കിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജീവനക്കാരെയും ഭരണസമിതിയംഗങ്ങളെയും പങ്കെടുപ്പിച്ച് മിനിസ്റ്റേഴ്സ് ട്രോഫിക്കുള്ള 'ബീ ദി നമ്പർ വൺ" കാമ്പയിനും ആരംഭിക്കും. കേരള ബാങ്കിനെ സംസ്ഥാനത്തെ നമ്പർ വൺ ബാങ്കാക്കുകയാണ് 2022 മാർച്ചുവരെയുള്ള കാമ്പയിന്റെ ലക്ഷ്യം. മികച്ച പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ശാഖകൾ, സി.പി.സി., ആർ.ഒ വിഭാഗങ്ങളിലെ വിജയികളെ കണ്ടെത്തും.

മികച്ച ജില്ലയ്ക്ക് മൂന്നുലക്ഷം രൂപയും മികച്ച ശാഖയ്ക്ക് രണ്ടുലക്ഷം രൂപയും ജില്ലാതലത്തിൽ മികച്ച ശാഖയ്ക്ക് 50,000 രൂപയുമാണ് സമ്മാനം.

വാർത്താ സമ്മേളനത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, സി.ഇ.ഒ. പി.എസ്. രാജൻ, സി.ജി.എം. കെ.സി. സഹദേവൻ എന്നിവരും പങ്കെടുത്തു.

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പദ്ധതി

ഏഴു മുതൽ 10 വരെ ക്ലാസ് വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്താനും പഠനാവശ്യങ്ങൾക്ക് നിക്ഷേപത്തുക ഉപയോഗിക്കാൻ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിദ്യാനിധി പദ്ധതി. പദ്ധതിയിൽ അംഗമാകുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷയും വിദ്യാഭ്യാസ വായ്പയ്ക്ക് മുൻഗണനയും കേരള ബാങ്ക് നൽകും.

പദ്ധതി ഇങ്ങനെ

 12 മുതൽ 16 വയസുവരെയുള്ളവർക്ക് ചേരാം.

 കേരള ബാങ്കിന്റെ വിദ്യാഭ്യാസ വായ്പയ്ക്ക് മുൻഗണന.

 അംഗങ്ങൾക്ക് രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ്. ആദ്യവർഷ പ്രീമിയം ബാങ്ക് നൽകും.

 എസ്.എം.എസ്., എ.ടി.എം., ഡി.ഡി., ആർ.ടി.ജി.എസ്., നെഫ്റ്റ്, മൊബൈൽ ബാങ്കിംഗ് സൗകര്യങ്ങൾ സൗജന്യം

 കേന്ദ്ര-സംസ്ഥാന സർക്കാർ സ്‌കോളർഷിപ്പുകളുടെ ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സൗകര്യം

പ്രിവിലേജ് അക്കൗണ്ട്

അംഗങ്ങളായ കുട്ടികളുടെ രക്ഷകർത്താവിന് (മാതാവിന് മുൻഗണന) സാധാരണ ഇടപാടുകൾ നടത്താവുന്ന സ്‌പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് തുറക്കാം. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന് ലഭിക്കുന്ന സൗകര്യങ്ങളോടൊപ്പം പ്രത്യേക ആനുകൂല്യങ്ങളും പ്രിവിലേജ് അക്കൗണ്ടിനുണ്ട്.