ബാങ്ക് സ്വകാര്യവത്കരണം: സമ്പൂർണ വില്പനയുണ്ടാവില്ല

Saturday 27 November 2021 3:30 AM IST

 26% ഓഹരികൾ കേന്ദ്രം കൈവശം വച്ചേക്കും

 ഓഹരി വില്പനയ്ക്കുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ

കൊച്ചി: രണ്ടു പ്രമുഖ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്‌കരിക്കുമെന്ന ബഡ്‌ജറ്റ് പ്രഖ്യാപനം നടപ്പാക്കുമെങ്കിലും ഓഹരികൾ കേന്ദ്രം പൂർണമായി വിറ്റൊഴിഞ്ഞേക്കില്ല. ഏതാനും വർഷത്തേക്ക് കൂടി 26 ശതമാനം ഓഹരികൾ കേന്ദ്രം കൈവശം വച്ചേക്കും. പിന്നീട് ബാങ്കുകളുടെ ഓഹരിമൂല്യ വർദ്ധനയും നിക്ഷേപക ലോകത്തുനിന്നുള്ള അനുകൂല ട്രെൻഡിനും അനുസരിച്ചേ ബാക്കി ഓഹരികൾ കൂടി വിറ്റൊഴിയൂ.

ബാങ്ക് സ്വകാര്യവത്കരണത്തിന് നിയമഭേദഗതി തേടിയുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കേന്ദ്രം അവതരിപ്പിക്കും. ഏതൊക്കെ ബാങ്കുകളെയാണ് സ്വകാര്യവത്കരിക്കുന്നതെന്ന് കേന്ദ്രം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം അവ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കുമാണെന്നാണ് സൂചന.

സ്വകാര്യപാതയിൽ

മൂന്ന് ബാങ്കുകൾ

രണ്ടു പൊതുമേഖലാ ബാങ്കുകളെയാണ് കേന്ദ്രം സ്വകാര്യവത്‌കരിക്കുക. ഇതോടൊപ്പം ഐ.ഡി.ബി.ഐ ബാങ്കിൽ സർക്കാരിനുള്ള ഓഹരി പങ്കാളിത്തവും വിറ്റൊഴിയും. 45.48 ശതമാനം ഓഹരി പങ്കാളിത്തമാണ് ഐ.ഡി.ബി.ഐ ബാങ്കിൽ കേന്ദ്രത്തിനുള്ളത്. 49.24 ശതമാനം ഓഹരികൾ എൽ.ഐ.സിയുടെ കൈവശമാണ്.