ആദിവാസികൾക്ക് രേഖകൾ മിനിട്ടുകൾക്കകം സൂക്ഷിക്കാൻ ഡിജിലോക്കറും

Saturday 27 November 2021 12:00 AM IST

തിരുവനന്തപുരം : ആധുനിക സാങ്കേതിക വിദ്യ അന്യമായ ആദിവാസി ഊരുകളിലുള്ളവർക്ക്‌ അവശ്യരേഖകൾക്കായി ഓഫീസുകളിൽ എത്തേണ്ടതില്ല. അധികൃതർ ഉൗരുകളിലെത്തി ആദിവാസികൾക്ക് അവ കൈമാറും. കൈവശം ലഭിച്ച രേഖകൾ നഷ്ടപ്പെടാതിരിക്കാൻ അവ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുകയും ചെയ്യും.

കേരളത്തിൽ ആദിവാസി വിഭാഗം കൂടുതലുള്ള വയനാട്ടിലാണ് രാജ്യത്തിന് മാതൃകയായ അക്ഷയ ബിഗ് കാംപെയിൽ ഫോർ ഡോക്യുമെന്റ്‌ ഡിജിറ്റലൈസേഷൻ (എ.ബി.സി.ഡി) എന്ന പദ്ധതിക്ക് തുടക്കമായത്. വയനാട് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിക്ക് പിന്നിൽ സബ്കളക്ടർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ അക്ഷയ പ്രതിനിധികളുൾപ്പെടെയുള്ള വിദഗ്ദ്ധരാണുള്ളത്.

കഴിഞ്ഞ 9,10 തീയതികളിൽ മാനന്തവാടി തൊണ്ടർനാട് കോളനിയിലാണ് ആദ്യ ക്യാമ്പ് സംഘടിപ്പിച്ചത്. 736 പേർക്കായി 1150 രേഖകൾ നൽകി. ജില്ലയിലെ 300ഓളം കോളനികളിലുള്ളവർക്ക് അവശ്യരേഖകൾ നൽകി അവ ഡിജിലോക്കറിലേക്ക് മാറ്റുകയാണ് ലക്ഷ്യം. നിലവിൽ രേഖകളുള്ളവർക്ക് അത് ഡിജിലോക്കറിലേക്ക് മാറ്റാം.

@ ഉടൻ ലഭ്യമാകുന്ന എട്ട് രേഖകൾ

ആധാർ

തിരഞ്ഞെടുപ്പ് ഐ.ഡി

ജനന-മരണ സർട്ടിഫിക്കറ്റ്

റേഷൻകാർഡ്

പെൻഷൻ രേഖ

ആരോഗ്യ ഇൻഷ്വറൻസ്

സ്ഥിരതാമസ സർട്ടിഫിക്കറ്റ്

@ഡിജിലോക്കർ തുറക്കാൻ

ഫിംഗർപ്രിന്റ്‌

ഡിജിലോക്കർ സംവിധാനം തുറക്കുന്നത് മൊബൈൽ നമ്പർ ഉപയോഗിച്ചാണ്. എന്നാൽ, ആദിവാസി മേഖലയിലുള്ള പലർക്കും മൊബൈലില്ലാത്തതിനാൽ ബദലായി ഡിജിലോക്കർ തുറക്കാൻ ഫിംഗർ പ്രിന്റ്‌ സൗകര്യം ഏർപ്പെടുത്തണമെന്ന് വയനാട് ജില്ലാ ഭരണകൂടം നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനോട് ആവശ്യപ്പെട്ടു. അനുവദിക്കാമെന്ന മറുപടി ലഭിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഈ മാറ്റം വരുന്നത്.

'രേഖകൾ ഇല്ലാത്തതിനാൽ ആദിവാസി വിഭാഗത്തിലുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല, അതോടൊപ്പം ഒരിക്കൽ എടുത്ത രേഖകൾ സുരക്ഷിതമായിരിക്കാനും ഇതിലൂടെ സാധിക്കും.'

- ആർ. ശ്രീലക്ഷ്മി

സബ് കളക്ടർ

മാനന്തവാടി

Advertisement
Advertisement