ചിത്രശലഭങ്ങളെ വരവേൽക്കാൻ ഒരുങ്ങി കുസാറ്റ് കാമ്പസ്

Saturday 27 November 2021 12:53 AM IST

കൊച്ചി: ചിത്രശലഭങ്ങളെ വരവേൽക്കാനായി ഒരുങ്ങുകയാണ് കുസാറ്റ് കാമ്പസ്. കാമ്പസിൽ ബട്ടർഫ്ലൈ പാർക്കുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 300 ഓളം തൈകൾ നട്ടുപിടിപ്പിച്ചു. പൂമ്പാറ്റകളെ ആകർഷിക്കുന്ന കണിക്കൊന്ന, എരുക്ക്, കൂവളം, ഗ്രാമ്പൂ, കറുവപ്പട്ട, നന്ത്യാർവട്ടം തുടങ്ങി 25ലധികം നാടൻ സസ്യഇനങ്ങളിലുള്ള തൈകളാണ് നട്ടുപിടിപ്പിക്കുക.

കാമ്പസിനുള്ളിലെ റിസർവോയറിനോട് ചേർന്നുള്ള അര ഏക്കറോളം വരുന്ന സ്ഥലത്താണ് പാർക്ക്.
കാമ്പസിലെ ചിത്രശലഭങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യമം. ചിത്രശലഭങ്ങളുടെ സ്വാഭാവിക ആവാസകേന്ദ്രമായി പൂത്തോട്ടം മാറ്റും. കുസാറ്റിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കളമശേരിയിലെ നിപ്പോൺ മോട്ടോർ കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ സംരംഭങ്ങൾക്ക് കീഴിലാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. വിദ്യാർ‌ത്ഥികൾ തന്നെയാണ് ബട്ടർ ഫ്ലൈ പാർക്ക് എന്ന ആശയവും മുന്നോട്ടു വച്ചത്. കുസാറ്റിലെ അപ്ലൈഡ് ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റിലെ പി.എച്ച്.ഡി. വിദ്യാർത്ഥിയായ റമീസ് റഹ്മാനാണ് ഈ സംരംഭത്തിന്റെ പിന്നിൽ. സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പാർക്ക് ആരംഭിക്കുന്നത്. വിഷ രഹിത പച്ചക്കറി കൃഷി, മരം നടീൽ, സൈക്കിൾസ് അറ്റ് ക്യാമ്പസ് തുടങ്ങിയ പദ്ധതികൾ കുസാറ്റിൽ ഈ വർഷം നടപ്പിലാക്കിയിരുന്നു.

Advertisement
Advertisement