നിയന്ത്രണങ്ങൾക്കിടയിലും ശബരിമല തിരക്കിലേക്ക്

Friday 26 November 2021 11:50 PM IST

ശബരിമല : കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ശബരിമലയിലേക്ക് തീർത്ഥാടക പ്രവാഹമേറുന്നു. സീസണിൽ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടദിനമായിരുന്നു ഇന്നലെ.വെർച്വൽ ക്യൂവിൽ മാത്രം ഇതാദ്യം 24,000 ത്തോളം തീർത്ഥാടകർ ഇന്നലെ ദർശനാനുമതി തേടിയിരുന്നു. വൈകിട്ട് 5 മണിവരെ 15,423 പേർ ദർശനത്തിനായി പമ്പയിൽ നിന്ന് മലകയറി. ഇന്നലെ പുലർച്ചെ മുതൽ തീർത്ഥാടകരുടെ അണമുറിയാത്ത ഒഴുക്കായിരുന്നു . അപ്പം, അരവണ കൗണ്ടറുകളിലും പതിവിൽ കവിഞ്ഞ തിരക്കുണ്ടായി. മാനംമൂടി കിടക്കുകയാണെങ്കിലും ഇന്നലെ പകൽ മഴപെയ്യാതിരുന്നതും തീർത്ഥാടകർക്ക് അനുഗ്രഹമായി. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതോടെ പ്രതിദിന നടവരവിലും ഗണ്യമായ വർദ്ധനവ് ഉണ്ട്. വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് വെർച്വൽ ക്യൂ ബുക്കിംഗ് സൂചിപ്പിക്കുന്നത്. ഒട്ടുമിക്ക ദിവസങ്ങളിലെയും അനുവദനീയമായ സ്ളോട്ട് തീർന്നതിനെ തുടർന്നാണ് പ്രതിദിന എണ്ണം 45,000 ആക്കി ഉയർത്തിയത്. പന്ത്രണ്ട് വിളക്കും ശനിയാഴ്ചയും ഒരുപോലെ വരുന്ന ദിനമായതിനാൽ ഇന്നും തിരക്ക് ഉണ്ടാകും. തീർത്ഥാടകരെ സമയം നിശ്ചയിച്ച് മലകയറ്റുന്നതിനാൽ തിക്കുംതിരക്കുമില്ല. ഏറെ നേരത്തെ കാത്തിരിപ്പില്ലാതെ തന്നെ സുഖദർശനം സാദ്ധ്യമാകുന്നു എന്നതാണ് മുൻകാല തീർത്ഥാടനങ്ങളിൽ നിന്ന് വേറിട്ട് നിറുത്തുന്നത്. അതിനാൽ പൊലീസിനും തീർത്ഥാടകരെ നിയന്ത്രിച്ച് നിറുത്താൻ പണിപ്പെടേണ്ടിവരുന്നില്ല. സന്നിധാനത്തെ വ്യാപരാസ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം കൂടുതൽപേർ ലേലത്തിൽ കൊണ്ടതോടെ വരും ദിവസങ്ങളിൽ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാരമേഖലയും സജീവമാകും. നിലവിലുള്ള ചില നിയന്ത്രണങ്ങൾ കൂടി നീക്കുന്നതിനുള്ള തിരക്കിട്ട കൂടിയാലോചനകളാണ് വിവിധ തലങ്ങളിൽ നടന്നുവരുന്നത്. കെ. എസ്. ആർ. ടി. സി ഇന്നലെ പമ്പ - നിലയ്ക്കൽ റൂട്ടിൽ 550 ഒാളം ചെയിൻ സർവീസ് നടത്തി. ഇൗ സീസണിലെ ഉയർന്ന സർവീസാണിത്.നടതുറന്ന് 25 വരെ 3074 ചെയിൻസർവീസുകളാണ് നടത്തിയത്. ദീർഘദൂര സർവീസുകളുടെ എണ്ണത്തിലും ആനുപാതികമായ വർദ്ധനവുണ്ട്.

Advertisement
Advertisement