പാപ്പാൻമാരെ ചോദ്യം ചെയ്യും

Saturday 27 November 2021 12:36 AM IST

കൊല്ലം: മണികണ്ഠൻ വിരണ്ടോടിയത് എങ്ങനെയെന്ന് എലിഫന്റ് സ്ക്വാഡും വനം വകുപ്പും പൊലീസും അന്വേഷണം നടത്തി വകുപ്പുതല മേധാവികൾക്ക് റിപ്പോർട്ട് നൽകും.

ആനയെ ഏറെക്കാലമായി പരിചരിച്ചിരുന്ന പാപ്പാനെ ഒരു മാസം മുൻപ് മാറ്റിയിരുന്നു. പകരം വന്നവരും ആനയുമായി നല്ല ബന്ധത്തിലെത്തിയിരുന്നില്ലെന്നാണ് വിലയിരുത്തൽ. ക്ഷേത്രവളപ്പിലെ തെങ്ങിൽ കെട്ടിയിരുന്ന ആനയെ പാപ്പാൻമാർ ഉപദ്രവിച്ചതായി ആക്ഷേപമുണ്ട്. ഇത് ഗൗരവമായി അന്വേഷിക്കും. പൂച്ചയെക്കണ്ട് വിരണ്ട് കൊമ്പൻ ഓടിയെന്നാണ് പാപ്പാൻമാർ പൊലീസിനോട് പറഞ്ഞത്. ഇതിൽ എത്രമാത്രം ശരിയുണ്ടെന്ന് പരിശോധിക്കും. മദപ്പാടുകൾ ഒന്നുമില്ലാത്തതിനാലാണ് ഗൗരവമായി സംഭവത്തെ കാണുന്നത്. ക്ഷേത്ര വളപ്പിൽ നിന്നു റോഡിൽക്കൂടി ആറ് കിലോ മീറ്റർ ദൂരമാണ് ആന ഓടിയത്. പക്ഷേ അക്രമകാരിയായില്ല. മൂന്ന് മണിക്കൂറിലധികം എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടപ്പോൾ ആംബുലൻസുകൾ അടക്കം കുരുക്കിലായി.

നിലവിൽ ശാന്തനായ ആനയ്ക്ക് മറ്റ് അസ്വസ്ഥതകളില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പാപ്പാൻമാരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Advertisement
Advertisement