ലോട്ടറി ചൂതാട്ടം: നെല്ലായ മോളൂർ സ്വദേശി അറസ്റ്റിൽ

Saturday 27 November 2021 12:49 AM IST

ചെർപ്പുളശ്ശേരി: മൊബൈൽ ഫോൺ വഴി എഴുത്ത് ലോട്ടറി ചൂതാട്ടം നടത്തിവന്നിരുന്ന നെല്ലായ മോളൂർ സ്വദേശിയെ ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലായ കൃഷ്ണപടി കയിലിയാട് റോഡിൽ ഫാൻസികട നടത്തി വന്നിരുന്ന മോളൂർ തെക്കേതിൽ വീട്ടിൽ ഗോപിനാഥനാണ് (49) അറസ്റ്റിലായത്. ലോട്ടറി ചൂതാട്ടത്തിനായി ഉപയോഗിച്ച മൊബൈൽ ഫോണും 11550 രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.

ആഗസ്റ്റിൽ സമാനമായ മൂന്ന് കേസുകളിൽ പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിലാണ് ഒരാൾ കൂടിപിടിയിലായത്. വാട്സ് ആപ്പിലൂടെ മൂന്നക്ക നമ്പരുകൾ ശേഖരിച്ച് ലോട്ടറി ചൂതാട്ടം നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ എം. സുനിൽ, അബ്ദുൽസലാം, സിവിൽ പൊലീസ് ഓഫീസർമാരായ ഷനു, ശശിധരൻ, വിജേഷ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഗോപിനാഥനെ അറസ്റ്റ് ചെയ്തത്.

കേരള ഗെയിമിംഗ് ആക്ട് പ്രകാരവും കേരള ലോട്ടറി റെഗുലേഷൻസ് ആക്ട് പ്രകാരവും ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേരള ലോട്ടറിക്ക് സമാന്തരമായാണ് ഒറ്റ നമ്പർ എഴുത്തു ലോട്ടറി സംഘം പ്രവർത്തിക്കുന്നത്. ഫലം വരുന്നതിന് മുമ്പ് അവസാന മൂന്നക്ക നമ്പർ എഴുതിവാങ്ങി ഇത് ശരിയായാൽ പണം നൽകുന്ന വിധമാണ് തട്ടിപ്പ്. ലക്ഷണക്കണക്കിനു രൂപയുടെ ഇടപാട് ഇത്തരത്തിൽ സമാന്തര ലോട്ടറിയിലൂടെ നടന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Advertisement
Advertisement