കേരളം നമ്പർ വണ്ണാണ്, പക്ഷേ മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റിപ്പോയി,അന്ന് ഭരിച്ചത് ഉമ്മൻചാണ്ടി; നീതി ആയോഗ് റിപ്പോർട്ടിന് ആധാരം 2015-16 വർഷത്തെ സർവേ

Saturday 27 November 2021 1:01 PM IST

ന്യൂഡൽഹി: ദേശീയ ബഹുതല ദാരിദ്ര്യസൂചിക കഴിഞ്ഞ ദിവസമാണ് നീതി ആയോഗ് പുറത്തിറക്കിയത്. ഇതുപ്രകാരം രാജ്യത്ത് ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. ഇതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എൽ ഡി എഫും അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പടെയുള്ള വെല്ലുവിളികൾ ഉണ്ടായിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിന് അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

എന്നാൽ ഈ അവകാശവാദം തെറ്റാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2015-16 ലെ കുടുംബാരോഗ്യ സർവേ നാലിന്റെ അടിസ്ഥാനത്തിലാണ് നീതി ആയോഗിന്റെ ബഹുതല ദാരിദ്യ സൂചിക തയ്യാറാക്കിയത്. റിപ്പോർട്ടിന്റെ മൂന്നാമത്തെ പേജിൽ തന്നെ ഇക്കാര്യം പറയുന്നുണ്ട്. അന്ന് കേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാറായിരുന്നു അധികാരത്തിൽ. 2016ലായിരുന്നു എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയത്.

2019-20 ലെ കുടുംബാരോഗ്യ സർവേ അഞ്ചിന്റെ ഫലവും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദാരിദ്ര്യസൂചിക പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചു.പോഷകാഹാരം, ശിശു മരണ നിരക്ക്, സ്‌കൂൾ വിദ്യാഭ്യാസം, പ്രസവാനന്തര പരിപാലനം, ഹാജർനില, പാചക ഇന്ധന ലഭ്യത, ശുചിത്വം, ശുദ്ധജല ലഭ്യത, വൈദ്യുതി, വീട്, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യസൂചിക തയ്യാറാക്കിയത്.